ജാവദേക്കർ കൂടിക്കാഴ്ചയില്‍ ഇപി പുറത്ത്; എല്‍ഡിഎഫ് കണ്‍വീനർ സ്ഥാനത്തുനിന്ന് നീക്കി

Jaihind Webdesk
Saturday, August 31, 2024

 

തിരുവനന്തപുരം: മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജനെ എൽഡിഎഫ് കൺവീനർ സ്ഥാനത്തുനിന്ന് നീക്കി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റേതാണ് തീരുമാനം. ജാവദേക്കർ, ദല്ലാൾ നന്ദകുമാർ കൂടിക്കാഴ്ച വിവാദത്തിലാണ് നടപടി. കൂടിക്കാഴ്ച പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്നാണ് വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം സംസ്ഥാന സെക്രട്ടേറിയറ്റിലെ തീരുമാനത്തിൽ പ്രതിഷേധിച്ച് ഇന്നു നടക്കുന്ന സംസ്ഥാന സമിതി യോഗത്തിൽ‌ പങ്കെടുക്കാതെ ഇ.പി. ജയരാജന്‍ തിരുവനത്തപുരത്തു നിന്ന് കണ്ണൂരിലേക്കു പോയി.

സംസ്ഥാന സമിതിയിൽ പങ്കെടുക്കാതെ കണ്ണൂരിലെ വസതിയിലെത്തിയ ഇ.പി. ജയരാജന്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയാറായില്ല. ഒന്നും പറയാനില്ലെന്നു പറഞ്ഞ് വീട്ടിനുള്ളിലേക്ക് കയറുകയായിരുന്നു. കുറച്ചുകാലമായി മുന്നണി യോഗങ്ങളിൽ പങ്കെടുക്കാതെ ഇപി പ്രതിഷേധത്തിലായിരുന്നു. ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായി ഇ.പി. ജയരാജൻ ദല്ലാൾ നന്ദകുമാറിന്‍റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ കോളിളക്കം സൃഷ്ടിച്ചിരുന്നു. ജാവദേക്കറെ കണ്ടിരുന്നു എന്ന കാര്യം ഇപിയും സ്ഥിരീകരിച്ചിരുന്നു.

‘‘ദല്ലാൾ നന്ദകുമാറിനൊപ്പമാണ് ജാവദേക്കർ, എന്‍റെ മകന്‍റെ തിരുവനന്തപുരം ആക്കുളത്തെ ഫ്ലാറ്റിൽ വന്നത്. വന്നു, കണ്ടു പരിചയപ്പെട്ടു. എന്താ വന്നതെന്നു ചോദിച്ചപ്പോൾ ഇതുവഴി പോകുമ്പോൾ നിങ്ങളെ കണ്ടു പരിചയപ്പെടാൻ വന്നതാണെന്നു പറഞ്ഞു. എങ്ങനെയുണ്ട് രാഷ്ട്രീയമെന്ന് അദ്ദേഹം ചോദിച്ചപ്പോൾ, രാഷ്ട്രീയമെല്ലാം നമുക്കു പിന്നീടു ചർച്ച ചെയ്യാമെന്നു പറഞ്ഞു.’’ – ജാവദേക്കർ കൂടിക്കാഴ്ചയെക്കുറിച്ച് മാധ്യമങ്ങളോട് ഇ.പി. ജയരാജന്‍റെ വിശദീകരണം ഇങ്ങനെയായിരുന്നു.

ഇന്നത്തെ സംസ്ഥാന സമിതി ചർച്ച ചെയ്യുകയും നടപടി ഉണ്ടാകുമെന്നും ഉറപ്പായതോടെയാണ് ഇ.പി.ജയരാജൻ രാജി സന്നദ്ധത അറിയിച്ചത്. നാളെ മുതൽ സിപിഎം ബ്രാഞ്ച് സമ്മേളനങ്ങൾക്കു തുടക്കമാകും. അതിനു മുൻപായി പാ‌ർട്ടിയിലെ അച്ചടക്ക നടപടികൾ പൂർത്തിയാക്കാനാണ് പാർട്ടിയുടെ തീരുമാനം. പി.കെ.ശശിക്കെതിരായ നടപടിയും ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും.