കോഴിക്കോട്ട് വിലങ്ങാട് കനത്ത മഴ; 30 ഓളം പേരെ മാറ്റി പാര്‍പ്പിച്ചു, ടൗൺ പാലം വെള്ളത്തിനടിയില്‍

Jaihind Webdesk
Tuesday, August 27, 2024

 

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ നാശംവിതച്ച കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശമായ വിലങ്ങാട് ഇന്ന് പുലർച്ചെ മുതൽ വീണ്ടും അതിശക്തമായ മഴ. ഇതേ തുടര്‍ന്ന് മഞ്ഞച്ചീളിയില്‍ 20 കുടുംബങ്ങളെ നാട്ടുകാര്‍ മാറ്റിത്താമസിപ്പിച്ചു. മഞ്ഞക്കുന്ന് പാരിഷ് ഹാളിലേക്കും വിലങ്ങാട് സെന്‍റ് ജോര്‍ജ് സ്‌കൂളിലേക്കുമാണ് കുടുംബങ്ങളെ മാറ്റിയത്.

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മേഖലയില്‍ ഭീതിപരത്തി മഴ ആരംഭിച്ചത്. മഴയില്‍ വിലങ്ങാട് ടൗണ്‍ പാലം വീണ്ടും വെള്ളത്തിനടിയിലായി. ഇതുവഴിയുള്ള വാഹനഗതാഗതം പൂര്‍ണമായി നിലച്ചു. വനത്തിനുള്ളിലും കനത്ത മഴ പെയ്യുകയാണെന്നാണ് വിവരം.

ജൂലായ് 30നാണ് വിലങ്ങാട് വലിയ ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ 18 കുടുംബങ്ങള്‍ക്ക് വീടുകള്‍ പൂര്‍ണമായി നഷ്ടമായി. 80 ഓളം വീടുകള്‍ക്ക് ഭാഗികമായി കേടുപാട് സംഭവിച്ചു. നാല് കടകൾ നശിച്ചു. ദുരന്തത്തില്‍ മഞ്ഞച്ചീളി സ്വദേശിയും മുന്‍ അധ്യാപകനുമായ കുളത്തിങ്കല്‍ മാത്യു മരിച്ചിരുന്നു. രണ്ട് ദിവസത്തെ തിരച്ചിലിനൊടുവിലാണ് മാത്യുവിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഉരുട്ടി പാലത്തിന്‍റെ അപ്രോച്ച് റോഡ്, വാളൂക്ക്, ഉരുട്ടി, വിലങ്ങാട് പാലങ്ങള്‍ ഉൾപ്പെടെ തകര്‍ന്നതിലൂടെ 156 ലക്ഷം രൂപയുടെ നഷ്ടമാണ് പൊതുമരാമത്ത് വകുപ്പു റോഡ് വിഭാഗം കണക്കാക്കിയത്. ജലസേചന വകുപ്പിന്‍റെ നഷ്ടം 35 കോടിയാണ്. 162 ഹെക്ടറിലധികം കൃഷി നാശമുണ്ടായി. ഇത് 225 കര്‍ഷകരെ ബാധിച്ചു. കാര്‍ഷിക മേഖലയില്‍ 11.85 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്.