ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്: പീഡനാരോപണങ്ങളും പരാതികളും വനിതാ പോലീസ് ഉദ്യോഗസ്ഥർ അന്വേഷിക്കും

Jaihind Webdesk
Monday, August 26, 2024

 

തിരുവനന്തപുരം: സിനിമാ മേഖലയിലെ വനിതകൾ ഉന്നയിച്ച പീഡനാരോപണങ്ങളും പരാതികളും വനിതാ പോലീസ് ഉദ്യോഗസ്ഥർ മാത്രം അന്വേഷിക്കുമെന്ന് സർക്കാർ. മൊഴിയും തെളിവുശേഖരണവും നാല് വനിതാ ഉദ്യാഗസ്ഥർ നടത്തും. മറ്റു കാര്യങ്ങളിൽ സഹായിക്കുക മാത്രമാണ് പുരുഷ ഉദ്യോഗസ്ഥരുടെ ചുമതല. പരാതികൾ അന്വേഷിക്കാൻ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ പുരുഷന്മാരെ ഉൾപ്പെടുത്തിയതിനെതിരെ പ്രതിപക്ഷം ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.

ജി.ജി.സ്പർജൻകുമാറിന്‍റെ  നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിൽ 4 വനിതാ ഉദ്യോഗസ്ഥരാണുള്ളത്. ‍ഡിഐജി എസ്.അജിതാ ബീഗം, ക്രൈംബ്രാഞ്ച് എസ്പി മെറിൻ ജോസഫ്, കോസ്റ്റൽ പൊലീസ് എഐജി ജി. പൂങ്കുഴലി, പോലീസ് അക്കാദമി അസി.ഡയറക്ടർ ഐശ്വര്യ ഡോംഗ്രെ എന്നിവരാണ് സംഘത്തിലെ വനിതകൾ. ഇവരെ കൂടാതെ എഐജി വി.അജിത്, ക്രൈംബ്രാഞ്ച് എസ്പി എസ്.മധുസൂദനൻ എന്നിവരും പ്രത്യേക അന്വേഷണ സംഘത്തിലുണ്ട്. ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കിടേഷിനാണ് പ്രത്യേക സംഘത്തിന്‍റെ മേൽനോട്ടം.