വയനാട് ദുരന്തഭൂമിയില്‍ നാളെ സ്കൂള്‍ തുറക്കുന്നു; വെള്ളാര്‍മല സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ ഇനി മേപ്പാടി ഹൈസ്കൂളിൽ

Jaihind Webdesk
Monday, August 26, 2024

 

കല്‍പ്പറ്റ: വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ദുരന്തമേഖലയില്‍ നാളെ മുതല്‍ സ്കൂളുകള്‍ തുറന്ന് പ്രവര്‍ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ചിരുന്ന മേപ്പാടി ഹൈസ്കൂളില്‍ ഉള്‍പ്പെടെ നാളെ മുതല്‍ ക്ലാസുകളാരംഭിക്കും. ഉരുൾപൊട്ടലിൽ തകർന്ന വെള്ളാർമല ജിവിഎച്ച്എസ്എസ്, മുണ്ടക്കൈ എല്‍പി സ്കൂൾ എന്നിവ പുനക്രമീകരിക്കാൻ ഉള്ള നടപടികൾ അവസാന ഘട്ടത്തിൽ ആണ്. മേപ്പാടി ജിഎച്ച്എസ്എസിലാണ് വെള്ളാർമല സ്കൂൾ ഒരുക്കുന്നത്. മേപ്പാടി പഞ്ചായത്ത് ഹാളിലായിരിക്കും മുണ്ടക്കൈ ജിഎല്‍പി സ്കൂള്‍ താല്‍ക്കാലികമായി പ്രവര്‍ത്തിക്കുക.

ഉരുൾപൊട്ടലിന്‍റെ പശ്ചാത്തലത്തിൽ രണ്ട് സ്കൂളുകളാണ് പുനക്രമീകരിക്കേണ്ടത്. മുണ്ടക്കൈ എൽ പി സ്കൂൾ, മേപ്പാടി ഗ്രാമപഞ്ചായത്തിന്‍റെ എപിജെ ഹാളിലാണ് താല്‍ക്കാലികമായി ഒരുക്കുന്നത്. നാല് ക്ലാസ് മുറികൾ, സ്റ്റാഫ് റൂം, ചെറിയ കുട്ടികൾ ആയതിനാൽ സുരക്ഷ കൈവരികൾ എന്നിവ ഉള്‍പ്പെടെ ആവശ്യമാണ്. ശുചിമുറികളും തയ്യാറാക്കണം.

വെള്ളാർമല ജിവിഎച്ച്എസ്എസിലെ 500ൽ അധികം വരുന്ന വിദ്യാർത്ഥികളെ മേപ്പാടി ജിഎച്ച്എസ്എസിലേക്കാണ് മാറ്റുന്നത്. 17 ക്ലാസ് മുറികൾ വേണ്ട സ്ഥാനത്ത് 13 എണ്ണം മാത്രമേ കണ്ടെത്താൻ ആയിട്ടുള്ളൂ. സയൻസ് ലാബ്, കമ്പ്യൂട്ടർ ലാപബ് എന്നിവ കൂടി വേണ്ടിവരുo.

അതേസമയം, ഉരുള്‍പൊട്ടലിൽ കാണാതായവരെ കണ്ടെത്താനുള്ള ഇന്നത്തെ തിരച്ചില്‍ മാറ്റിവെച്ചു. തിരച്ചിൽ നടത്താൻ ആകാതെ പ്രത്യേകസംഘം മടങ്ങുകായിരുന്നു. മഴയും കോടയും കാരണമാണ് സംഘം മടങ്ങിയത്. മറ്റൊരു ദിവസം തിരച്ചിൽ തുടരും. ആനടിക്കാപ്പ് -സൂചിപ്പാറ മേഖലയിലായിരുന്നു തിരച്ചിൽ നടത്താൻ തീരുമാനിച്ചത്. ഇന്നലെ ഇവിടെ നിന്ന് ആറ് മൃതദേഹ ഭാഗങ്ങൾ കണ്ടെത്തിയിരുന്നു.