‘പിന്നില്‍ ഗൂഢാലോചന’; രേവതി സമ്പത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി സിദ്ദിഖ്

Jaihind Webdesk
Monday, August 26, 2024

 

തിരുവനന്തപുരം: തനിക്കെതിരെ ലൈംഗിക പീഡനാരോപണം ഉന്നയിച്ച രേവതി സമ്പത്തിനെതിരെ പരാതിയുമായി നടൻ സിദ്ദിഖ്. വ്യത്യസ്ത സമയത്ത് വ്യത്യസ്ത ആരോപണങ്ങളാണ് രേവതി ഉന്നയിക്കുന്നത് എന്നാണ് സിദ്ദിഖിന്‍റെ ആരോപണം. തനിക്ക് പ്രായപൂർത്തിയാവുന്നതിന് മുമ്പാണ് സിദ്ദിഖ് മോശമായി പെരുമാറിയത് എന്നായിരുന്നു രേവതിയുടെ ആരോപണം. എന്നാൽ ചൈനയിലെ പഠനം പാതിവഴിയിലാക്കി മടങ്ങിയ പെൺകുട്ടിയെ താൻ കാണുമ്പോൾ അവർക്ക് പ്രായപൂർത്തിയായിട്ടുണ്ട് എന്നാണ് സിദ്ദിഖിന്‍റെ പരാതിയിൽ പറയുന്നത്.

രേവതി സമ്പത്തിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് വരുത്താനുള്ള ശ്രമവും സിദ്ദിഖ് നടത്തുന്നുണ്ട്. ചൈനയിൽ മെഡിസിന് പഠിക്കുമ്പോൾ സഹപാഠിയുടെ നഗ്നചിത്രമെടുത്തുവെന്ന ആരോപണം ഒരു ഫാഷൻ കോഡിനേറ്റർ വഴി കേട്ടിട്ടുണ്ട് എന്നാണ് ഡിജിപിക്ക് നൽകിയ പരാതിയിൽ അദ്ദേഹം പറയുന്നത്. തന്‍റെയും അമ്മയുടെയും പേര് കളങ്കപ്പെടുത്തുകയാണ് പരാതിക്കാരിയുടെ ലക്ഷ്യമെന്നും സിദ്ദിഖ് ആരോപിച്ചു.