തലസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത് 36 പേര്‍; നായക്കായി തിരച്ചില്‍

Jaihind Webdesk
Sunday, August 25, 2024

 

തിരുവനന്തപുരം: തലസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റ് ചികിത്സ തേടിയത് 36 പേര്‍. ഒരേ നായയാണ് ഇവരെ കടിച്ചതെന്നാണ് വിവരം. നായയ്ക്കു പേ വിഷബാധ സംശയം ഉയർന്നതോടെ കനത്ത ആശങ്ക ഉയർന്നിരിക്കുകയാണ്. തിരുവനന്തപുരം പാപ്പനം കോട്, കരമന, കൈമനം, ചിറമുക്ക് മേഖലകളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. നഗരസഭയുടെ ഡോഗ് സ്ക്വാട് നായ്ക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.

പാപ്പനംകോടുവച്ചായിരുന്നു ആദ്യം തെരുവിൽ നായ വഴിയാത്രക്കാരനെ കടിച്ചത്. തുടർന്ന് നായ ഓടിയ സ്ഥലങ്ങളിൽ നിന്നവരെയെല്ലാം ആക്രമിക്കുകയായിരുന്നു. രാത്രി 7.30ന് ആയുർവേദ കോളജ് പരിസരത്താണ് നായയെ അവസാനമായി കണ്ടത്. പരുക്കേറ്റവർ തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി. നേമം ശാന്തിവിള ആശുപത്രിയിലും 8 പേർ ചികിത്സ തേടിയിട്ടുണ്ട്. ഇതിൽ മൂന്നു പേരുടെ പരുക്ക് ഗുരുതരമാണ്.