തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി അധ്യക്ഷസ്ഥാനം രാജിവെച്ച് സംവിധായകൻ രഞ്ജിത്ത്. ഇന്ന് രാവിലെയാണ് സർക്കാരിന് രാജിക്കത്ത് കൈമാറിയത്. അപമര്യാദമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണത്തെ തുടര്‍ന്നാണ് രാജി. ആരോപണം ഉയർന്നതിന് പിന്നാലെ രഞ്ജിത്തിനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്കാരിക മന്ത്രി സജി ചെറിയാൻ അടക്കമുള്ളവർ സ്വീകരിച്ചത്. എന്നാൽ ഇതിന് പിന്നാലെ വിവിധ കോണുകളിൽനിന്ന് പ്രതിഷേധം ശക്തമായിരുന്നു.
ചലചിത്ര അക്കാദമി അധ്യക്ഷസ്ഥാനത്തുനിന്ന് രഞ്ജിത്ത് രാജിവെക്കണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപിയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെട്ടിരുന്നു. രഞ്ജിത്ത് രാജിവെച്ചില്ലെങ്കിൽ സമരത്തിലേക്ക് കടക്കുമെന്ന് യൂത്ത് കോൺഗ്രസും മുന്നറിയിപ്പ് നൽകിയിരുന്നു.
2009-10 കാലഘട്ടത്തിൽ രഞ്ജിത്ത് സംവിധാനം ചെയ്ത ‘പാലേരി മാണിക്യം’ സിനിമയിൽ അഭിനയിക്കാൻ എത്തിയപ്പോൾ സംവിധായകൻ മോശമായി പെരുമാറിയെന്നാണ് ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തല്‍. ഒരു രാത്രി മുഴുവൻ ഹോട്ടലിൽ പേടിച്ചാണ് കഴിഞ്ഞതെന്നും ശ്രീലേഖ മിത്ര പറഞ്ഞു. സംഭവത്തിൽ പരാതി അറിയിച്ചിരുന്നു. പരാതി പറഞ്ഞത് ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ്. എന്നാൽ ആരും പിന്നീട് തന്നെ ബന്ധപ്പെട്ടില്ലെന്നും നടി പറയുന്നു. പാലേരി മാണിക്യം സിനിമയിലും മറ്റ് മലയാളം സിനിമകളിലും പിന്നീട് തനിക്ക് അവസരം കിട്ടിയില്ല. തന്നോടുള്ള മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചതെന്ന് ശ്രീലേഖ മിത്ര പറഞ്ഞു.