‘രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയർമാന്‍ സ്ഥാനത്ത് നിന്നും മാറിനിൽക്കണം’: രമേശ് ചെന്നിത്തല

Jaihind Webdesk
Saturday, August 24, 2024

 

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ രഞ്ജിത്തിനെതിരെ ബംഗാളി നടി ശ്രീലേഖ മിത്ര നടത്തിയ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രഞ്ജിത്ത് നിരപരാധിത്വം തെളിയിക്കാൻ ബാധ്യസ്ഥനാണെന്നും അതുവരെ ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തുനിന്ന് മാറിനിൽക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂര്‍ണ്ണമല്ല. പുറത്ത് വിട്ട ഭാഗങ്ങൾ അപൂർണ്ണമാണെന്നും അതിനാല്‍ തന്നെ സമ്പൂർണ്ണ റിപ്പോർട്ട് പുറത്തുവിടണമെന്നും ചെന്നിത്തല അഭിപ്രായപ്പെട്ടു. ആരെയൊക്കെയോ സർക്കാർ സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. സർക്കാർ ഒരു നടപടിയും എടുക്കാതെ ഒളിച്ചുകളി നടത്തുകയാണ്. സ്വമേധയാ കേസ് എടുക്കാനും അന്വേഷണം നടത്താനും സർക്കാരിന് സാധിക്കും. സാംസ്കാരിക വകുപ്പ് മന്ത്രി കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരാൻ ശ്രമിക്കാത്തത് എന്തുകൊണ്ടെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ താരസംഘടന അമ്മയുടെ നിലപാട് സ്വാഗതാർഹമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കുറ്റക്കാർക്ക് എതിരെ നടപടിയെടുക്കണമെന്നാണ് അമ്മ സംഘടനയും പറയുന്നത്. അമ്മ സംഘടന അങ്ങനെ പറയുമ്പോൾ സർക്കാർ എന്തിനാണ് നടപടി എടുക്കാതെ ഇരിക്കുന്നതെന്നും ചെന്നിത്തല ചോദിച്ചു. റിപ്പോർട്ട്‌ സർക്കാർ എന്തിനാണ് പൂഴ്ത്തിവെച്ചത് എന്ന് അറിയില്ല. ഹേമ കമ്മിറ്റിയുടെ സമ്പൂർണ്ണ റിപ്പോർട്ട് പുറത്തുവിടണം. എല്ലാവരും സംശയത്തിന്‍റെ നിഴലിൽ നിർത്തേണ്ട ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.