മന്ത്രി ഗണേഷ് കുമാറിനും രഞ്ജിത്തിനുമെതിരെ കേസെടുക്കണം; സ്ത്രീ ചൂഷകരെ മുഖ്യമന്ത്രി സംരക്ഷിക്കുന്നത് സ്ത്രീകളോടുള്ള വെല്ലുവിളി: ജെബി മേത്തർ എംപി

Jaihind Webdesk
Saturday, August 24, 2024

 

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനേയും ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനേയും തൽസ്ഥാനങ്ങളിൽ നിന്ന് മാറ്റി അവർക്കെതിരെ കേസെടുക്കണമെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എം പി.

സ്ത്രീകളെ ചൂഷണം ചെയ്യുന്നവരെ മുഖ്യമന്ത്രി ചിറകിനടിയിൽ ഒതുക്കി സംരക്ഷിക്കുന്നത് സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. ചലച്ചിത്ര മേഖലയിലെ 15 അംഗ പവർ ഗ്രൂപ്പിലെ അംഗമായ മന്ത്രി ഗണേഷ് കുമാറിനെതിരെ അന്വേഷണം നടത്തണമെന്ന് ഗവർണർ പരസ്യമായി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗണേഷിനെക്കുറിച്ച് കൃത്യമായി പരാമർശിക്കുന്നുണ്ടെന്നും ജെബി മേത്തർ ചൂണ്ടിക്കാട്ടി.

രഞ്ജിത്തിനെതിരെ ബംഗാളി നടി ആക്ഷേപം ഉന്നയിച്ചിട്ടും സർക്കാർ ഒന്നും ചെയ്യുന്നില്ല. അക്കാദമിയിലെ രഞ്ജിത്തിന്‍റെ പ്രവർത്തനത്തെക്കുറിച്ച് നേരത്തെ തന്നെ ആക്ഷേപമുണ്ട്. ചൂഷകരെയും ഇരകളെയും ഒരുമിച്ചിരുത്തി സിനിമാ കോൺക്ലേവ് നടത്താൻ അനുവദിക്കില്ലെന്നും ജെബി മേത്തർ പ്രസ്താവനയിൽ വ്യക്തമാക്കി.