‘വേട്ടക്കാരുടെ പേര് ഒഴിവാക്കിയത് എന്തിന്? പരാതി ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാനാവില്ല’: എഎംഎംഎയെ തള്ളി ജഗദീഷ്

Jaihind Webdesk
Friday, August 23, 2024

 

കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ അന്വേഷണം വേണമെന്ന് നടനും എഎംഎംഎ (AMMA) വൈസ് പ്രസിഡന്‍റുമായ ജഗദീഷ്.  വേട്ടക്കാരുടെ പേര് എന്തിന് റിപ്പോർട്ടിൽ നിന്ന് ഒഴിവാക്കിയെന്നും ആരോപിതർ അഗ്നിശുദ്ധി തെളിയിക്കട്ടെയെന്നും ജഗദീഷ് പറഞ്ഞു. വാതിലിൽ മുട്ടിയെന്ന് ഒരാൾ പറഞ്ഞിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കണം. ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് മാറ്റിനിർത്തുന്നതു ശരിയല്ല. ആ ഒറ്റപ്പെട്ട സംഭവങ്ങളും അന്വേഷിക്കണം. പല തൊഴിലിടത്തും ഇങ്ങനെയില്ലേ എന്ന ചോദ്യം അപ്രസക്തമാണ്. അത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. അമ്മയ്ക്കോ പ്രൊഡ്യൂസേഴ്സ് അസോസിയേഷനോ ചേംബറിനോ ഒഴിഞ്ഞുമാറാനാകില്ലെന്നും ജഗദീഷ് പറഞ്ഞു.

“റിപ്പോർട്ടിലെ വിലയിരുത്തലുകളെ സാമാന്യവത്കരിക്കരുത്. റിപ്പോർട്ടിലെ ചില പേജുകൾ എന്തിന് ഒഴിവാക്കിയെന്ന വിശദീകരണം സർക്കാർ നൽകേണ്ടി വരും. ഇരയായവരുടെ പേര് ഒഴിവാക്കാം. വേട്ടക്കാരുടെ പേര് ഒഴിവാക്കണമെന്ന് ആരും പറഞ്ഞിട്ടില്ല. കോടതിയിൽ മുദ്രവെച്ച കവറിൽ റിപ്പോർട്ടിന്‍റെ പൂർണരൂപത്തിൽ കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ ശക്തമായ നടപടിയെടുക്കണം. ആ പുഴുക്കുത്തുകളെ പുറത്തുകൊണ്ടുവരണം. പേരുകൾ പുറത്തുവിടാൻ ഹൈക്കോടതി അനുവദിക്കുമെങ്കിൽ അതു നടക്കട്ടെ. ഗോസിപ്പുകൾ ഇല്ലാതാക്കാനേ അത് സഹായിക്കൂ. കോടതി എന്തു തീരുമാനമെടുത്താലും പൂർണമായി സഹകരിക്കും.  പവർ ഗ്രൂപ്പ് ഒരു ആലങ്കാരിക പദമാണ്. സ്വാധീനമുള്ള വ്യക്തികളുടെ ആധിപത്യം എന്നാകും ഉദ്ദേശിച്ചത്. മാഫിയ ഉണ്ടെന്ന് കരുതുന്നില്ല. കാസ്റ്റിംഗ് കൗച്ച് ചിലർക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അവരത് പറയുമ്പോൾ അന്നു പറയാത്തതെന്താ എന്ന് ചോദിക്കാനാവില്ല. അവർക്ക് എപ്പോൾ വേണമെങ്കിലും പരാതി ഉന്നയിക്കാം” – ജഗദീഷ് പറഞ്ഞു.