‘സ്വമേധയാ കേസെടുക്കാം’; ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മുഖ്യമന്ത്രിയെ തിരുത്തി കെ.എന്‍. ബാലഗോപാല്‍.

Jaihind Webdesk
Thursday, August 22, 2024

 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ മുഖ്യമന്ത്രി പിണറായി വിജയനെ തിരുത്തി ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. റിപ്പോർട്ടില്‍ സ്വമേധയാ കേസെടുക്കാമെന്ന് കെ.എൻ. ബാല​ഗോപാൽ പ്രതികരിച്ചു. പരാതി നൽകാതെ കേസെടുക്കാനാവില്ലെന്ന മുഖ്യമന്ത്രിയുടെ വാക്കുകളെ തിരുത്തിയാണ് ബാല​ഗോപാല്‍ രംഗത്തെത്തിയത്.

സ്വമേധയാ കേസെടുക്കണോ പരാതി ലഭിച്ചിട്ട് കേസെടുക്കണോ എന്നത് സാങ്കേതികത്വം മാത്രമാണ്. സ്വമേധയാ കേസ് എടുക്കുന്നതിന് നിയമ തടസമില്ല. പരിഷ്കരിച്ച നിയമങ്ങൾ നിലവിലുണ്ടെന്നും പരാതി ലഭിച്ചിട്ടോ അല്ലാതെയോ കേസെടുക്കാമെന്നും കെ.എന്‍. ബാലഗോപാല്‍ പറഞ്ഞു. കേസെടുത്ത് അന്വേഷണം നടത്തണമെന്ന് കമ്മിറ്റി ശുപാർശ ചെയ്തിട്ടില്ലെന്നും ആരെങ്കിലും പരാതിയുമായി എത്തിയാല്‍ കേസെടുക്കാമെന്നുമായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രതികരണം. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം കേസ് എടുക്കുന്നതിന് നിയമ തടസമുണ്ടെന്നായിരുന്നു മുൻ മന്ത്രി എ.കെ. ബാലന്‍റെ നിലപാട്.. മൊഴി തന്നവരുടെ സ്വകാര്യത ഉറപ്പ് വരുത്തണമെന്നത് ഹേമ കമ്മിറ്റിയുടെ ആവശ്യമായിരുന്നെന്നും കിട്ടിയ മൊഴികള്‍ പ്രകാരം നിയമനടപടി വേണമെന്ന് ഹേമ കമ്മിറ്റിക്ക് ആവശ്യപ്പെടാമെന്നും എ കെ ബാലന്‍ പറഞ്ഞിരുന്നു.

2017 ജൂലൈയിലാണ് സിനിമയിലെ സ്ത്രീ വിവേചനങ്ങള്‍ സംബന്ധിച്ച് പഠിക്കാനായി ഹേമ കമ്മിറ്റിയെ നിയമിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്. മലയാള സിനിമയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച  ജസ്റ്റിസ് ഹേമ കമ്മിറ്റി 2019 ഡിസംബര്‍ 31-ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാല്‍ ഡബ്ല്യുസിസി ഉള്‍പ്പെടെ പലവട്ടം ആവശ്യപ്പെട്ടിട്ടും നാലര വർഷം സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടില്ല. പോക്സോ കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെ അതീവ ഗുരുതര വെളിപ്പെടുത്തലുകളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളത്.