തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ മന്ത്രി ഗണേഷ് കുമാറിനെതിരായ യൂത്ത് കോണ്‍ഗ്രസ് നല്‍കിയ പരാതിയിൽ ആവശ്യമായ നടപടിക്ക് നിർദ്ദേശം നൽകി ഡിജിപി. യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്‍റ് അബിൻ വർക്കി നൽകിയ പരാതിയിലാണ് നടപടി.
ഹേമ കമ്മീഷൻ റിപ്പോർട്ടിലെ 136-ാം പേജിൽ ആത്മാ സംഘടനാ പ്രസിഡൻ്റും മന്ത്രിയുമായ കെ.ബി ഗണേഷ് കുമാറിനെതിരെ വ്യക്തമായ പരാമർശമുണ്ടെന്നും, വിഷയത്തിൽ അന്വേഷണം വേണമെന്നുമാണ് അബിൻ വർക്കി മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും നൽകിയ പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് ആവശ്യമായ നടപടിക്ക് ഡിജിപി ശുപാര്‍ശ നല്‍കിയത്.
അതേസമയം ഹേമാ കമ്മിറ്റി റിപ്പോർട്ടിന്‍റെ പൂർണ രൂപം പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹര്‍ജി. എഡിറ്റ് ചെയ്യാത്ത റിപ്പോർട്ടിന്മേലുള്ള ലൈംഗിക പീഡന പരാമർശങ്ങളിൽ ക്രിമിനൽ നടപടികൾ ആരംഭിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി. ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.