ഹിന്‍ഡന്‍ബർഗ് റിപ്പോർട്ട്; ഇന്ത്യാ മുന്നണിയുടെ രാജ്യ വ്യാപക പ്രക്ഷോഭം ഇന്ന്; ഇഡി ഓഫീസുകളിലേക്ക് മാർച്ചും ധർണ്ണയും

Jaihind Webdesk
Thursday, August 22, 2024

 

ന്യൂഡല്‍ഹി: ഹിൻഡൻബർഗ് റിപ്പോർട്ടിലെ വെളിപ്പെടുത്തലിൽ ഇന്ത്യാ മുന്നണിയുടെ രാജ്യ വ്യാപക പ്രക്ഷോഭം ഇന്ന്. ജെപിസി അന്വേഷണം വേണമെന്നും കുറ്റാരോപിതയായ സെബി ചെയർപേഴ്സണ്‍ മാധബി മാധബി പുരി ബുച്ച് രാജിവെക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം. രാജ്യ വ്യാപകമായി ഇഡി ഓഫീസുകൾ ഉപരോധിക്കും. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മാധബി മാധബി പുരി ബുച്ചിനും ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ കടലാസ് കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമാണെന്നും ഹിന്‍ഡൻബർഗ് റിപ്പോട്ടിലുണ്ട്.

എഐസിസി ആഹ്വാന പ്രകാരം കേരളത്തിലും കോണ്‍ഗ്രസ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ട്‌റേറ്റ് ഓഫീസിലേക്ക് കോണ്‍ഗ്രസ് മാർച്ചും ധർണ്ണയും നടത്തും. കോഴിക്കോട് ഇഡി ഓഫീസ് മാർച്ച് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരൻ എംപിയും കൊച്ചി ഇഡി ഓഫീസ് മാർച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം മുതല്‍ എറണാകുളം ജില്ല വരെയുള്ള നേതാക്കളും പ്രവര്‍ത്തകരും കൊച്ചി ഇഡി ഓഫീസിലേക്ക് നടക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ പങ്കെടുക്കും.