എം. ലിജുവിന് പുതിയ നിയോഗം; കെപിസിസിയുടെ സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി

Jaihind Webdesk
Wednesday, August 21, 2024

 

തിരുവനന്തപുരം: കെപിസിസി ജനറല്‍ സെക്രട്ടറിയായി എഐസിസി നിയമിച്ച അഡ്വ. എം.ലിജുവിന് കെപിസിസിയുടെ സംഘടനാ ചുമതല നല്‍കിയതായി കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി അറിയിച്ചു. ടി.യു. രാധാകൃഷ്ണന്‍ ഓഫീസ് ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയായി തുടരും.

നിലവില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗമായ എം. ലിജുവിനെ എഐസിസി, കെപിസിസി ജനറൽ സെക്രട്ടറി ആക്കിയതിന് തൊട്ടുപിന്നാലെയാണ് കെപിസിസി അധ്യക്ഷൻ സംഘടനാ ചുമതല നൽകിയത്. സംഘടനാ ചുമതലയുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയായിട്ടാണ് രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്ന അഡ്വ. എം. ലിജുവിനെ
നിയമിച്ചിരിക്കുന്നത്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അനുമതിയോടെ എം. ലിജുവിനെ കെപിസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചതായി സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലാണ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എംപി എം. ലിജുവിന് സംഘടനാ ചുമതല കൂടി നൽകിയത്. നിലവില്‍ സംഘടനാകാര്യ ചുമതല വഹിച്ചുവരുന്ന കെപിസിസി ജനറല്‍ സെക്രട്ടറി ടി.യു. രാധാകൃഷന്‍ ഓഫീസ് ചുമതലയില്‍ തുടരും.

ആലപ്പുഴ ഡിസിസി പ്രസിഡന്‍റ്, യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച പാരമ്പര്യവുമായാണ് അഡ്വ. എം. ലിജു കെപിസിസിയുടെ സുപ്രധാനമായ സംഘടന ചുമതലയിലേക്ക് എത്തുന്നത്. കഴിഞ്ഞ പാർലമെന്‍റ് തിരഞ്ഞെടുപ്പ് വേളയിൽ കെപിസിസി വാർ റൂമിന്‍റെ മുഖ്യ ചുമതലക്കാരനായിരുന്നു എം. ലിജു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന്‍റെ വിപുലമായ മുന്നൊരുക്കങ്ങളിലേക്ക് പാർട്ടി കടക്കുന്ന വേളയിലാണ് സുപ്രധാന ചുമതലയിലേക്ക് എം. ലിജു എത്തുന്നത്.