കഴക്കൂട്ടത്തു നിന്ന് കാണാതായ കുട്ടി കന്യാകുമാരിയിലെത്തിയതായി സ്ഥിരീകരണം; നിർണായക വിവരം നല്‍കി ഓട്ടോ ഡ്രൈവര്‍മാര്‍, അന്വേഷണം ഊർജിതം

Jaihind Webdesk
Wednesday, August 21, 2024

 

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്ന് കാണാതായ 13കാരി തസ്മീൻ ബീഗം കന്യാകുമാരിയിലെത്തിയതായി പോലീസ് സ്ഥിരീകരിച്ചു. ബംഗളുർ -കന്യാകുമാരി എക്സ്പ്രസില്‍ യാത്ര ചെയ്യുന്ന കുട്ടിയുടെ ഫോട്ടോ കന്യാകുമാരി റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഓട്ടോ ഡ്രൈവര്‍മാര്‍ തിരിച്ചറിഞ്ഞു. കുട്ടിയെ കണ്ടിരുന്നതായി ഓട്ടോ ഡ്രൈവര്‍മാര്‍ പറയുകയും ഇതിന്‍റെ അടിസ്ഥാനത്തിലാണ് കന്യാകുമാരിയില്‍ തിരച്ചില്‍ നടത്തുന്നതെന്നും പോലീസ് പറഞ്ഞു.

കന്യാകുമാരിയില്‍ ഊർജിതമായ തിരച്ചില്‍ നടക്കുകയാണ്. അതേസമയം കന്യാകുമാരി റെയില്‍വെ സ്റ്റേഷനിലും പോലീസ് പരിശോധന നടത്തി. റെയില്‍വെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് പോലീസ് അന്വേഷണം. ഇന്നലെ രാവിലെ ഒമ്പത് മണിക്കാണ് കഴക്കൂട്ടത്ത് നിന്ന് 13കാരിയെ കാണാതായത്. വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയ കുട്ടി ട്രെയിൻ കയറി പോവുകയായിരുന്നു. നിലവില്‍ കുട്ടി കന്യാകുമാരിയില്‍ തന്നെ ഉണ്ടാകുമെന്ന നിഗമനത്തിലാണ് പോലീസ്.