ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണം; മഹിളാ കോണ്‍ഗ്രസ് നാളെ ഡിജിപി ഓഫീസ് മാർച്ച് നടത്തും

Jaihind Webdesk
Tuesday, August 20, 2024

 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച ഡിജിപി ഓഫീസ് മാർച്ച് നടത്താന്‍ മഹിളാ കോണ്‍ഗ്രസ്. വെളിപ്പെടുത്തലുകള്‍ സംബന്ധിച്ച് വനിതാ ഐപിഎസ് ഓഫീസർ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നാളെ രാവിലെ 10.30-നാണ് മാർച്ച്. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ് ജെബി മേത്തർ എംപി മാർച്ചിന് നേതൃത്വം നല്‍കും.

റിപ്പോർട്ട് നാലര വർഷം പൂഴ്ത്തിവെച്ച മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി സജി ചെറിയാനുമെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്ന് ജെബി മേത്തർ ആവശ്യപ്പെട്ടു. റിപ്പോർട്ടിൽ എന്തു നടപടിയെടുക്കുമെന്ന് സർക്കാർ വ്യക്തമാക്കാത്തത് ദുരൂഹമാണ്. ഏറ്റവും തിളക്കവും പ്രതിഫലവുമുള്ള മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വേദനിക്കുന്ന വിവരങ്ങൾ പുറത്തുവന്നിട്ടും വനിതാ മന്ത്രിമാരും പ്രതികരിക്കുന്നില്ല. റിപ്പോർട്ട് പഠിക്കാനും നടപടി നിർദ്ദേശിക്കാനും വനിതാ ഐപിഎസ് ഓഫീസറെ സർക്കാർ നിയോഗിക്കണമെന്നാണ് മഹിളാ കോണ്‍ഗ്രസിന്‍റെ ആവശ്യം.