ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ സർക്കാർ ബസ്സിനുള്ളിൽ കൗമാരക്കാരി കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ പ്രതികൾ പിടിയിൽ. ഓഗസ്റ്റ് 12നാണ് കൊടും ക്രൂരത അരങ്ങേറിയത്. വഴിയറിയാതെ ബസിൽ കയറിയ പെൺകുട്ടിയെ സർക്കാർ ബസിലെ ഡ്രൈവറും കണ്ടക്ടറും സുഹൃത്തുക്കളും ചേർന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. 17-ാം തീയതിയാണ് പെൺകുട്ടി കൊടിയ പീഡനത്തിന് ഇരയായ വിവരം പോലീസ് പുറത്തുവിട്ടത്. ഡെറാഡൂണിലെ അന്തർസംസ്ഥാന ബസ് ടെർമിനലിലാണ് യുപി സ്വദേശിനിയായ പെൺകുട്ടി കൂട്ടബലാത്സംഗത്തിന് ഇരയായത്.
സംഭവത്തിൽ സര്‍ക്കാർ ബസിലെ ഡ്രൈവർമാരും കണ്ടക്ടറും ക്യാഷറുമടക്കം അഞ്ചുപേരെ പെോലീസ് അറസ്റ്റുചെയ്തു. ധർമേന്ദ്ര കുമാർ(32), രാജ്പാൽ(57), ദേവേന്ദ്ര(52), രാജേഷ് കുമാർ സോങ്കർ(38), രവി കുമാർ(34) എന്നിവരാണ് പിടിയിലായത്. പീഡനം നടന്ന ബസ്സിലെ ഡ്രൈവറും കണ്ടക്ടറുമാണ് ധർമേന്ദ്ര കുമാറും ദേവേന്ദ്രയും. രവികുമാറും രാജ്പാലും മറ്റ് ബസ്സുകളിലെ ഡ്രൈവർമാരാണ്. ഉത്തരാഖണ്ഡ് റോഡ് വെയ്സിന്‍റെ ക്യാഷറാണ് പ്രതികളിലൊരാളായ രാജേഷ് കുമാർ .
ദില്ലിയിൽ വെച്ചാണ് പെൺകുട്ടിയെ പ്രതികൾ ആദ്യം കാണുന്നത്. ബസ് കണ്ടക്ടറായ ദേവേന്ദ്രയോട് എങ്ങിനെയാണ് പഞ്ചാബിലേക്ക് പോകേണ്ടതെന്ന് പെൺകുട്ടി ചോദിച്ചു. ഇയാൾ ഈ ബസിൽ കയറി ഡെറാഡൂണിലേക്ക് വരാനും അവിടെ വെച്ച് പഞ്ചാബിലേക്കുള്ള ബസിൽ കയറിയാൽ മതിയെന്നും പറഞ്ഞു. തുടർന്ന് പെൺകുട്ടി ഇയാളുടെ ബസിൽ കയറി. ഡെറാഡൂൺ സ്റ്റാന്‍റിൽ വെച്ച് എല്ലാവരും ബസിൽ നിന്നുമിറങ്ങിയതിന് പിന്നാലെ ദേവേന്ദ്രയും ധർമേന്ദ്രയും ചേർന്ന് കുട്ടിയെ ബലാത്സംഗം ചെയ്തു. ഇത് തൊട്ടടുത്ത ബസിലുണ്ടായിരുന്ന രണ്ട് ഡ്രൈവർമാർ കണ്ടു. പിന്നീട് ഇവരും ബസിലെത്തി പെൺകുട്ടിയെ ബലാത്സംഗം ചെയ്തു. പ്രതികള്‍ വിവരം അറിയിച്ചാണ് ക്യാഷറായ രാജേഷ് കുമാർ സ്ഥലത്തെത്തിയത്. പിന്നീട് ഇയാളും പെൺകുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.