തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ചയാണ് വള്ളം മറിഞ്ഞ് മത്സ്യതൊതൊഴിലാളിയെ കാണാതായത്. അഞ്ചുതെങ്ങ് തോണിക്കടവ് പുതുവൽപുരയിടം വീട്ടിൽ ബനഡിക്റ്റാണ് മരിച്ചത്. 49 വയസായിരുന്നു. പുതുക്കുറിച്ചി തീരത്തടിഞ്ഞ മൃതദേഹം മത്സ്യതൊഴിലാളികളാണ് കണ്ടെത്തിയത്.
ശനിയാഴ്ച അഴിമുഖത്ത് കാറ്റിലും തിരയിലുംപെട്ട് വള്ളം തലകീഴായി മറിയുകയായിരുന്നു. വള്ളത്തിലുണ്ടായിരുന്ന രണ്ടുപേരെ കോസ്റ്റൽ പോലീസും മറൈൻ എൻഫോഴ്സ്മെന്റും ചേർന്ന് രക്ഷപ്പെടുത്തിയിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റൊരാൾ നീന്തി രക്ഷപ്പെടുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ അഞ്ചു മാസത്തിനിടെ മാത്രം നാലു പേരാണ് മുതലപ്പൊഴിയിൽ മരിച്ചത്. അശാസ്ത്രീയ നിർമ്മാണമാണ് മുതലപ്പൊഴിയില്‍ അപകടങ്ങൾ തുടർക്കഥയാക്കുന്നത്.