ജനീവ: ലോകത്ത് വീണ്ടും ആശങ്കയായി എംപോക്‌സ്. എംപോക്സിനെ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു. രണ്ട് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് എംപോക്‌സിനെ ആരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ സെപ്തംബറിൽ ഡി.ആർ. കോംഗോയിൽ തുടങ്ങിയ രോഗവ്യാപനം അടുത്തിടെ മറ്റ് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് വ്യാപിക്കുകയായിരുന്നു.
ഓർത്തോപോക്സ് വൈറസ് ജനുസ്സിൽ പെട്ട മങ്കിപോക്സ് വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് എം പോക്സ്. 1958 ൽ കുരങ്ങുകളിലാണ് ഈ രോഗം ആദ്യമായി കണ്ടെത്തുന്നത്. പിന്നാലെ രോഗം ബാധിച്ച കുരങ്ങുകൾ അടക്കമുള്ള മൃഗങ്ങളുമായി സമ്പർക്കം പുലർത്തിയ മനുഷ്യരിലേക്കും രോഗം പടർന്നു. 1970-ൽ കോംഗോയിൽ ഒമ്പത് മാസം പ്രായമുള്ള ഒരു ആൺകുഞ്ഞിലാണ് മനുഷ്യരിൽ ആദ്യമായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
കഴിഞ്ഞ നൂറ്റാണ്ടുകളിൽ കൂട്ട മരണത്തിന് ഇടയാക്കിയ വസൂരി വൈറസുകളുടെ അതേ വിഭാഗത്തിലാണ് മങ്കി പോക്‌സും ഉൾപ്പെടുന്നത്. ശരീരത്തിൽ ചുണങ്ങ് ഉണ്ടാകുന്നതാണ് ആദ്യ ലക്ഷണം. പിന്നാലെ ഇവ പഴുപ്പ് നിറഞ്ഞ വലിയ കുരുക്കളായി മാറുന്നു. പനി, തലവേദന, പേശി വേദന എന്നിവയാണ് മറ്റ് ലക്ഷണങ്ങൾ. എം പോക്സ് ബാധിച്ച് കഴിഞ്ഞാൽ മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യത വളരെ കൂടുതലാണ്. അമേരിക്കയിലെ സെന്റസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്‍റെ കണക്കു പ്രകാരം എം പോക്സ് വൈറസ് ബാധിച്ച് കഴിഞ്ഞ് 21 ദിവസത്തിനുള്ളിലാണ് രോഗ ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നത്. നേരിട്ടുള്ള സമ്പർക്കം, ശാരീരിക സ്രവങ്ങൾ, രോഗി ഉപയോഗിച്ച വസ്തുക്കൾ, തുണിത്തരങ്ങൾ എന്നിവയിൽ നിന്നും രോഗം പടരാം. കൂടാതെ രോഗം ബാധിച്ച ഗർഭിണികളിൽ നിന്ന് ഗർഭസ്ഥ ശിശുവിലേക്കും പടരാനുള്ള സാധ്യതയുമുണ്ട്.
ജനുവരി മുതൽ 14,500ലേറെ എംപോക്സ് കേസുകളും 450ലേറെ മരണവുമാണ് ആഫ്രിക്കയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതിൽ ഭൂരിപക്ഷം കേസുകളും മരണവും ഡി.ആർ. കോംഗോയിലാണ്. സെൻട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്, റിപ്പബ്ലിക് ഒഫ് കോംഗോ, കാമറൂൺ തുടങ്ങിയവയാണ് രോഗവ്യാപനം ശക്തമായ മറ്റ് ആഫ്രിക്കൻ രാജ്യങ്ങൾ. വൈറസ് വ്യാപനം കണക്കിലെടുത്ത് രാജ്യത്തേക്ക് എത്തുന്നവരെ നിരീക്ഷിക്കാൻ ചൈന തീരുമാനിച്ചു. ആറ് മാസം നിരീക്ഷണം തുടരും. എംപോക്സ് വൈറസിന്‍റെ തീവ്രതയേറിയ വകഭേദമാണ് വ്യാപിക്കുന്നതെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. എന്നാൽ യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ അതിർത്തികൾ അടയ്ക്കുകയോ വേണ്ട എന്നും ഡബ്ല്യുഎച്ച്ഒ കൂട്ടിച്ചേർത്തു.