കായംകുളത്ത് കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് നേരെ യാത്രക്കാരന്‍റെ മർദ്ദനം; പ്രതിയെ പോലീസ് പിടികൂടി

Jaihind Webdesk
Saturday, August 17, 2024

 

ആലപ്പുഴ: കായംകുളത്ത് കെഎസ്ആർടിസി വനിതാ കണ്ടക്ടർക്ക് നേരെ യാത്രക്കാരന്‍റെ മർദ്ദനം. കായംകുളം ഡിപ്പോയിൽ നിന്നും താമരക്കുളം, വണ്ടാനം ഓർഡിനറി ബസിലെ കണ്ടക്ടർക്കാണ് യാത്രക്കാരന്‍റെ മർദ്ദനമേറ്റത്. പുലർച്ചെയായിരുന്നു സംഭവം. വള്ളികുന്നം സ്വദേശി ജാവേദാണ് വനിതാ കണ്ടക്ടറെ മർദ്ദിച്ചത്.

ടിക്കറ്റിന്‍റെ ബാക്കിതുകയായ 7 രൂപ തിരികെ നൽകിയിട്ടും വീണ്ടും നൽകണമെന്ന് ആവശ്യപ്പെട്ട് ഇയാൾ ബസിനുള്ളിൽ ബഹളം വെക്കുകയും കണ്ടക്ടറെ അസഭ്യം പറയുകയും ചെയ്യ്തു. പിന്നീട് കണ്ടക്ടറുടെ സീറ്റിനു പുറകില്‍ വന്നിരുന്ന്
മർദ്ദിക്കുകയായിരുന്നു. ഓച്ചിറ മുതൽ കായംകുളം വരെ പിന്നെ ടിക്കറ്റ് കൊടുക്കുവാനും സമ്മതിച്ചില്ല. ബസ് കായംകുളത്ത് എത്തിയപ്പോൾ ഇവർ ഡിപ്പോയിൽ പരാതിപ്പെട്ടു. തുടർന്ന് കായംകുളം പോലീസ് എത്തി ഇയാളെ പിടികൂടുകയായിരുന്നു. കണ്ടക്ടറുടെ പരാതിയിൽ പോലീസ് കേസെടുത്തിട്ടുണ്ട്. സംഭവം നടന്നത് ഓച്ചിറയിൽ ആയതിനാൽ ഇയാളെ ഓച്ചിറ പോലീസിന് കൈമാറി.