ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇന്ന് പുറത്തുവിടില്ല; നടി രഞ്ജിനിയുടെ ഹര്‍ജി കോടതി പരിഗണിച്ച ശേഷം തീരുമാനം

Jaihind Webdesk
Saturday, August 17, 2024

 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് പുറത്ത് വിടില്ല. നടി രഞ്ജിനി നൽകിയ ഹർജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിലാണ് സർക്കാർ തീരുമാനം. രഞ്ജിനിയുടെ ഹർജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും. കോടതി തീരുമാനം അനുസരിച്ചാകും റിപ്പോർട്ട് ഇനി പുറത്തുവിടുക. താൻ കോടതിയെ സമീപിച്ചതായി നടി രഞ്ജിനി സംസ്ഥാന സർക്കാരിനെ അറിയിച്ചിരുന്നു. ഇത് കണക്കിലെടുത്താണ് റിപ്പോർട്ട് പുറത്തുവിടുന്നതിൽ സർക്കാർ പുനഃരാലോചന നടത്തിയത്. ഏതായാലും ഏറെ വിവാദമായ റിപ്പോർട്ട് വെളിച്ചം കാണുവാൻ ഇനിയും സമയമേറെ എടുക്കുമെന്ന് ഉറപ്പായിരിക്കുകയാണ്.

2017 ജൂലായ് 1നാണ് ചലച്ചിത്രമേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ നിയമിച്ചത്. രണ്ടര വർഷത്തിന് ശേഷം 2019 ഡിസംബര്‍ 31നാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിന് കൈമാറിയത്. ഇന്ന് രാവിലെ 11 മണിക്ക് ഹേമ കമ്മിറ്റി റിപ്പോർട്ട് കൈമാറുമെന്നായിരുന്നു നേരത്തെ സാംസ്കാരിക വകുപ്പ് അറിയിച്ചിരുന്നത്.  അതിനിടെയാണ് റിപ്പോർട്ട് പുറത്തുവിടുന്നതിന് മുമ്പ് മൊഴി കൊടുത്തവർക്ക് പകർപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയെ സമീപിച്ചത്.

നിർമാതാവ് സജിമോൻ പാറയിലിന്‍റെ ഹർജി തള്ളിയ കോടതി ഉത്തരവ് അനുസരിച്ച് റിപ്പോർട്ട് പുറത്തുവിടാൻ 19ആം തിയ്യതി വരെ സർക്കാരിന് സമയമുണ്ട്. സ്വകാര്യതയെ ബാധിക്കുന്നതും ആളുകളെ തിരിച്ചറിയുന്നതുമായ വിവരങ്ങൾ ഒഴിവാക്കി 233 പേജുകളുള്ള റിപ്പോർട്ട് കൈമാറാനാണ് നീക്കം. 49 ആം പേജിലെ 96 ആം പാരഗ്രാഫും 81 മുതൽ 100 വരെയുള്ള പേജുകളിലെ 165 മുതൽ 196 വരെയുള്ള ഭാഗങ്ങളും ഇതനുസരിച്ച് ഒഴിവാക്കും.