ഇന്ന് ചിങ്ങം ഒന്ന്; പ്രതീക്ഷകളുടെ പൊന്നിന്‍ ചിങ്ങത്തെ വരവേറ്റ് മലയാളികള്‍

Jaihind Webdesk
Saturday, August 17, 2024

 

ഇന്ന് ചിങ്ങം ഒന്ന്.  മലയാളിയുടെ പുതുവര്‍ഷ പിറവി. ആധിയും വ്യാധിയും നിറഞ്ഞ ഒരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്പോഴും പൊന്നിന്‍ ചിങ്ങത്തെ പ്രതീക്ഷയോടെ വരവേല്‍ക്കുകയാണ് കേരളക്കര.

കെട്ട കാലത്തിന്‍റെ കരിമേഘം മൂടി നില്‍ക്കുമ്പോഴും പ്രതീക്ഷകളുടെ പോക്കുവെയില്‍ തുണ്ടുകള്‍ വീണു കിടക്കുന്ന ഇടവഴിയില്‍ പൊന്നിന്‍ ചിങ്ങം വിരുന്നു വിളിക്കുകയാണ്. ഓണക്കാലത്തിന്‍റെ ഗൃഹാതുരമായ ഓർമകളാണ് ആണ് ഓരോ മലയാളികളുടെയും മനസ്സിൽ ചിങ്ങമാസം ഉണർത്തുന്നത്. കർക്കടകത്തിന്‍റെ ദുരിതവും വറുതിയും ഒഴിഞ്ഞ് ഐശ്വര്യത്തിന്‍റെയും പ്രത്യാശയുടെയും പുതിയ വർഷത്തേക്ക് കടക്കുകയാണ് മലയാളികള്‍. ചിങ്ങം എത്തിയതോടെ സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റെയും ദിനങ്ങളാണ് എത്തിയത് എന്ന വിശ്വാസമാണ് നിലനിൽക്കുന്നത്.

മലയാളി എന്നും ശുഭാപ്തി വിശ്വാസത്തിന്‍റെ പതാക വാഹകരാണ്. പൂവിളികള്‍ ഉയരുമ്പോള്‍ മനം തുടി കൊട്ടി പാടും. മാവേലി നാടിന്‍റെ നന്മ നിറഞ്ഞ നാളുകളെ കുറിച്ച്. ചിങ്ങം 1 കേരളക്കരക്ക് കര്‍ഷകദിനം കൂടിയാണ്. മണ്ണറിഞ്ഞ് ജീവിക്കുന്ന ഓരോ മലയാളിയിലും സന്തോഷം കൊണ്ട് വരുന്ന കാലം. ഓണ പുലരികളിലേക്കുള്ള കാത്തിരിപ്പാണ് ഇനി. ഒരുമയുടെ ഓട്ടുരുളിയില്‍ കൂട്ടായ്മയുടെ വിഭവങ്ങള്‍ ഒരുക്കി നമുക്ക് നല്ല അയല്‍ക്കാരാകാം. കൈകള്‍ കോര്‍ത്തു പിടിച്ച് നാടിനെ ചേര്‍ത്തു നിര്‍ത്തി ഐശ്വര്യത്തിന്‍റെ പൂക്കളങ്ങള്‍ ഒരുക്കാം. അങ്ങനെ നന്മ നിറഞ്ഞ മനുഷ്യനാകാം. നല്ലൊരു മലയാളിയാകാം.