റിപ്പോർട്ടിന്‍റെ കോപ്പി ലഭിച്ചില്ല; ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി ഹൈക്കോടതിയിൽ

Jaihind Webdesk
Friday, August 16, 2024

 

എറണാകുളം: മലയാള സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന ചൂഷണത്തെക്കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് നാളെ പുറത്തുവിടാനിരിക്കെ ഹൈക്കോടതിയിൽ വീണ്ടും ഹർജി. നടി രഞ്ജിനി എന്ന സാഷ സെൽവരാജാണ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് മുമ്പാകെ താനടക്കമുള്ളവര്‍ മൊഴി നൽകിയിട്ടുണ്ടെന്നും എന്നാൽ റിപ്പോർട്ടിന്‍റെ പകർപ്പ് തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നും രഞ്ജിനി പറയുന്നു. മൊഴി നൽകിയപ്പോൾ തങ്ങളുടെ സ്വകാര്യത മാനിക്കുമെന്ന് ജസ്റ്റിസ് ഹേമ ഉറപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിൽ റിപ്പോര്‍ട്ട് പുറത്തു വിടുന്നതിനു മുമ്പ് അതിൽ എന്താണുള്ളതെന്ന് അറിയണമെന്നും തങ്ങളുടെ അനുമതിയോടു കൂടി മാത്രമേ റിപ്പോര്‍ട്ട് പുറത്തുവിടാവൂ എന്നും അവര്‍ ആവശ്യപ്പെട്ടു.

റിപ്പോർട്ട് പുറത്തുവിടുന്നത് അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെയാണ് അപ്പീൽ.  അപ്പീൽ സമർപ്പിക്കാൻ അനുവദിച്ച കോടതി, ഇത് നിലനിൽക്കുമോ എന്ന് തിങ്കളാഴ്ച പരിഗണിക്കും. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി അനുവദിച്ചില്ല. ഈ സാഹചര്യത്തിൽ നാളെ റിപ്പോർട്ട് പുറത്തുവിടുമോ എന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

ഇക്കഴിഞ്ഞ ജൂലൈ 24ന് റിപ്പോർട്ട് പുറത്തുവിടുന്നതിന് മണിക്കൂറുകൾക്ക് മുമ്പായിരുന്നു ഇത് ഹൈക്കോടതി സ്റ്റേ ചെയ്തത്. തുടർന്ന് വിശദമായ വാദം കേട്ട ശേഷമായിരുന്നു റിപ്പോർട്ട് പുറത്തുവിടാനുള്ള അനുമതി. ഇതിനെ തുടർന്ന് റിപ്പോര്‍ട്ട് സ്വീകരിക്കാൻ നാളെ രാവിലെ 11 മണിക്ക് എത്തണമെന്ന് വിവരാവകാശ കമ്മിഷനിൽ അപേക്ഷ നല്‍കിയവരോട് സർക്കാർ അറിയിക്കുകയും ചെയ്തിരുന്നു. അതിനിടെയാണ് രഞ്ജിനിയുടെ അപ്പീൽ എത്തിയിരിക്കുന്നത്.