രാഹുൽ ഗാന്ധിക്ക് ചെങ്കോട്ടയിൽ പിന്നിൽ ഇരിപ്പിടം നൽകിയ സംഭവം; ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യം, പ്രതികരണവുമായി കോണ്‍ഗ്രസ് നേതാക്കള്‍

Jaihind Webdesk
Thursday, August 15, 2024

 

ന്യൂഡല്‍ഹി: 78-മത് സ്വാതന്ത്ര്യദിനാഘോഷ പരിപാടിയില്‍ ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ചെങ്കോട്ടയില്‍ ഇരിപ്പിടം ഒരുക്കിയത് പിന്നില്‍. ലോക്‌സഭ പ്രതിപക്ഷ നേതാവ് പ്രോട്ടോകോള്‍ പ്രകാരം ആദ്യ നിരയിലാണ് ഇരിക്കേണ്ടത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

കേന്ദ്രമന്ത്രിമാർക്കും വിശിഷ്ടാതിഥികള്‍ക്കും പിന്നിലാണ് ഇന്നത്തെ സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാഹുല്‍ ഗാന്ധിക്ക് സീറ്റ് നല്‍കിയത്. സ്വാതന്ത്ര്യദിന ചടങ്ങില്‍ രാഹുല്‍ ഗാന്ധിയെ പിന്നിലിരുത്തിയതില്‍ പ്രതിഷേധവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍. ജൂണ്‍ നാലിന് ശേഷമുള്ള പുതിയ യാഥാർത്ഥ്യത്തിലേക്ക് മോദ് ഉണരണം. അതില്‍ നിന്നും നിങ്ങള്‍ പാഠം പഠിച്ചില്ലെന്ന് ബോധ്യമായി. കായികതാരങ്ങളോടുള്ള ബഹുമാനം എന്ന പ്രതിരോധ മന്ത്രാലയത്തിന്‍റെ വിശദീകരണം പൊള്ളയാണെന്നും അദ്ദേഹം പറഞ്ഞു. ജനപ്രതിനിധിയായ രാഹുലിനെ അപമാനിച്ചത് ഇന്ത്യയിലെ ജനങ്ങളെ അപമാനിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

പ്രതിപക്ഷ നേതാവിനെ പിന്‍സീറ്റിലിരുത്തുമ്പോള്‍ അപമാനിക്കപ്പെടുന്നത് ജനാധിപത്യമാണെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല പറഞ്ഞു. ഇന്ത്യയുടെ മഹത്തായ 78-ാം സ്വാതന്ത്ര്യദിനാഘോഷ വേളയില്‍ ഇത്തരമൊരു അപമാനത്തിന് കളമൊരുക്കിയ കേന്ദ്ര സർക്കാർ ജനാധിപത്യ മൂല്യങ്ങള്‍ക്കു പുല്ലുവില പോലും കല്‍പ്പിക്കുന്നില്ലെന്നും ഈ അപമാനത്തിന് ജനാധിപത്യ ഇന്ത്യ പ്രതിഷേധിക്കേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.