നാലര വർഷത്തിനുശേഷം ഹേമ കമ്മിറ്റി റിപ്പോർട്ട് മറ്റന്നാൾ പുറത്തുവിടും; സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കും

Jaihind Webdesk
Thursday, August 15, 2024

 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാർ മറ്റന്നാൾ പുറത്തുവിടും. ഹൈക്കോടതി വിധി പകർപ്പ് നിയമവകുപ്പ് പരിശോധിച്ച ശേഷമാകും സർക്കാർ റിപ്പോർട്ട് പുറത്തുവിടുക. റിപ്പോർട്ടിലെ അറുപത്തിരണ്ട് പേജുകൾ ഒഴിവാക്കിയാകും സർക്കാർ റിപ്പോർട്ട് പുറത്തുവിടുന്നത്. ആകെയുള്ള 295 പേജുകളിൽ 62 പേജുകൾ ഒഴിവാക്കി 233 പേജുകളാണ് പുറത്തു വിടുന്നത്. സ്വകാര്യതയെ ബാധിക്കുന്ന ഭാഗങ്ങൾ ഒഴിവാക്കിയാകും പ്രസിദ്ധീകരിക്കുക. സിനിമ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് തയ്യാറാക്കിയ റിപ്പോർട്ട് നീണ്ട നാലര വർഷം സർക്കാർ പൂഴ്ത്തിവച്ചശേഷം കോടതി നിർദേശത്തെ തുടർന്നാണ് പുറത്തുവിടുന്നത്.

നിർമാതാവ് സജിമോൻ പാറയിലാണ് റിപ്പോർട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയത്. റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവരാൻ ഇതിലൂടെയാണ് വഴിയൊരുങ്ങിയത്. റിപ്പോർട്ട് ഏകപക്ഷീയമായതിനാൽ പുറത്തുവിടരുതെന്ന ആവശ്യമാണ് നിരസിച്ചത്. ജസ്റ്റീസ് വിജി അരുണാണ് ഹർജി തള്ളി വിധി പ്രസ്താവിച്ചത്. എന്നാൽ റിപ്പോ‍‍ർട്ട് ഒരാഴ്ചക്ക് ശേഷമേ പുറത്തുവിടാവൂ എന്നും റിപ്പോ‍ർട്ടിൽ വ്യക്തമാക്കിയിരുന്നു. നടിയെ ആക്രമിച്ച കേസിന് പിന്നാലെ സിനിമാ രംഗത്തെ വനിതകൾ നേരിടുന്ന പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയാണ് ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റി. ഈ സമിതി റിപ്പോർട്ട് സമർപ്പിച്ച് നാലര വർഷം കഴിഞ്ഞിട്ടും സർക്കാർ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഒടുവിൽ റിപ്പോർട്ടിന്‍റെ പ്രസക്തഭാഗങ്ങൾ പുറത്തുവിടാൻ മുഖ്യവിവരാവകാശ കമ്മീഷണ‌ർ ഉത്തരവിട്ടതോടെയാണ് ഹൈക്കോടതിയിൽ ഹർജി എത്തിയത്.