അർജുനായുള്ള ഇന്നത്തെ തിരച്ചില്‍ അവസാനിപ്പിച്ചു; ലോറിയുടെ ജാക്കിയും മരവാതിലും കണ്ടെത്തി, മൂന്നുദിവസം തിരച്ചില്‍ തുടരും

Jaihind Webdesk
Tuesday, August 13, 2024

 

ബംഗളുരു: കർണാടകയിലെ  ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ അവസാനിപ്പിച്ചു. പ്രാദേശിക മത്സ്യത്തൊഴിലാളിയും മുങ്ങൽ വിദഗ്ധനുമായ ഈശ്വർ മൽപെയാണ് അർജുനായി ഗംഗാവലി പുഴയില്‍ തിരച്ചില്‍ നടത്തിയത്. തിരച്ചിലിൽ ഒരു ലോറിയുടെ ഹൈഡ്രോളിക് ജാക്കി കണ്ടെത്തിയിട്ടുണ്ട്. മുക്കാല്‍ മണിക്കൂറുകളോളം നടത്തിയ തിരച്ചിലിനിടയിലാണ് ലോറിയുടെ ജാക്കി കണ്ടെത്തിയത്.

അധികം പഴയതല്ലാത്ത ജാക്കി തന്‍റെ ഭാരത് ബെൻസ് ലോറിയുടേത് തന്നെയാണെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തിൽ കൂടുതൽ സ്ഥിരീകരണം ഉണ്ടാകേണ്ടതുണ്ടെന്നാണ് അധികൃതർ അറിയിച്ചത്. ജാക്കി കൂടാതെ മറ്റൊരു ലോറിയുടെ മരവാതിലിന്‍റെ ഭാഗവും മൽപെ കണ്ടെത്തി. ഇത് അർജുനൊപ്പം പുഴയിൽ വീണെന്ന് കരുതുന്ന ടാങ്കർ ലോറിയുടെതാണെന്നാണു സൂചന.

അതേസമയം നാളെ രാവിലെ എട്ടുമണിക്ക് അർജുനായുള്ള തിരച്ചില്‍ തുടരുമെന്ന് മല്‍പെ പറഞ്ഞു. 4 സഹായികൾക്കൊപ്പമായിരിക്കും നാളെ തിരച്ചില്‍ ആരംഭിക്കുക. കാലാവസ്ഥ അനുകൂലമാകുകയും മഴ കുറയുകയും ചെയ്തതോടെ നദിയുടെ അടിത്തട്ട് തെളിഞ്ഞുകാണാനാകുന്നുണ്ടെന്നും അതുകൊണ്ട് തന്നെ തിരച്ചിൽ എളുപ്പമാകുമെന്നും അദ്ദേഹം പറഞ്ഞു. തിരച്ചിൽ മൂന്നുദിവസം തുടരുമെന്നും മൽപെ അറിയിച്ചു.