കൊല്ലം: ചടയമംഗലം പഞ്ചായത്തിൽ ക്വാറികൾക്ക് അനുമതി നൽകാനുള്ള നീക്കം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു. പുതുതായി ആറോളം ക്വാറികൾക്ക് അനുമതി നല്കാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നത്. വിശ്വാസയോഗ്യമായ ഒരു പാരിസ്ഥിതിക പഠനം പോലും നടത്താതെയാണ് അപേക്ഷിച്ച എല്ലാ ക്വാറികൾക്കും ലൈസൻസ് നൽകുന്നതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. പാറ ഖനനത്തിന് അനുമതി നൽകിയിട്ടുള്ള സ്ഥലങ്ങളിൽ നിബന്ധനകൾ പാലിച്ചില്ലെങ്കിൽ പഞ്ചായത്തിന്റെ അധികാരം ഉപയോഗിച്ച് സ്റ്റോപ്പ് മെമ്മോ നൽകുമെന്ന് ഉറപ്പു നൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.