കിലോയ്ക്ക് 90 രൂപ വരെ! സംസ്ഥാനത്ത് നേന്ത്രപ്പഴ വില കുതിക്കുന്നു

Jaihind Webdesk
Tuesday, August 13, 2024

 

തിരുവനന്തപുരം: കുതിച്ചുയർന്ന് നേന്ത്രപ്പഴവില. സംസ്ഥാനത്തെ പച്ചക്കറി വില സാധാരണക്കാരന് താങ്ങാനാവാത്ത സാഹചര്യത്തിനിടെയാണ് നേന്ത്രപ്പഴത്തിനും ഞാലിപ്പൂവൻ പഴത്തിനുമടക്കം തീവിലയായത്. സംസ്ഥാനത്ത് നേന്ത്രപ്പഴം ചില്ലറവിപണിയിൽ കിലോയ്ക്ക് 80 മുതൽ 90 രൂപ വരെയാണ് നിലവിലെ വില. ഞാലിപ്പൂവൻ പഴം 90 മുതൽ 100 വരെയും കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ കൃഷിനാശവും അന്യസംസ്ഥാനങ്ങളിൽ നിന്നും ഇറക്കുമതി കുറഞ്ഞതുമാണ് ചില്ലറ വിപണിയിലെ ഈ വിലക്കയറ്റത്തിന് കാരണം.

ഓണം അടുക്കുന്നതോടുകൂടി നേന്ത്രപ്പഴത്തിന് ഇനിയും വിലക്കയറ്റമുണ്ടാവുമെന്നാണ് കച്ചവടക്കാർ പറയുന്നത്. ഉപ്പേരിയും ശർക്കര വരട്ടിയുമടക്കം ഓണസദ്യയിൽ നിന്നും ഒഴിവാക്കാനാവാത്ത വിഭവങ്ങൾ തയാറാക്കാൻ നേന്ത്രപ്പഴം വേണമെന്നതാണ് ഈ വിലക്കയറ്റത്തിന് കാരണം. പച്ചക്കറിയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വിലക്കയറ്റത്തില്‍ ജനം പൊറുതിമുട്ടിയിരിക്കുന്നതിനിടെയാണ് നേന്ത്രപ്പഴത്തിന്‍റെയും വിലക്കയറ്റം.