ബംഗളുരു: ഷിരൂർ ദൗത്യം പുനരാരംഭിക്കുന്ന കാര്യത്തിൽ നാളെ തീരുമാനമുണ്ടായേക്കും. ഗംഗാവാലിപ്പുഴയിലെ ഒഴുക്ക് അഞ്ച് നോട്ടിന് മുകളിലാണ്. ഇത് നാലെങ്കിലും ആയാൽ തിരച്ചിൽ പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ജില്ലാ ഭരണ കൂടം. കാർവാറിൽ നിന്നുള്ള നാവിക സേനാഅംഗങ്ങൾ ആയിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളുക. ഉത്തര കന്നഡ ജില്ലാ കളക്ടര്‍ ലക്ഷ്മി പ്രിയ അർജുന്റെ കുടുംബത്തെ ഇക്കാര്യം അറിയിച്ചു.
അര്ജുന് ഉള്‍പ്പെടെ കാണാതായ മൂന്നുപേരെയും കണ്ടെത്താൻ പ്രതിജ്ഞാബദ്ധരാണെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. പ്രദേശത്ത് ഇടവിട്ട് തുടരുന്ന മഴയില്‍ ഗംഗാവാലി പുഴയിലെ തിരച്ചില്‍ അസാധ്യമായതിനാലാണ് ദൗത്യം വൈകിയത്. കഴിഞ്ഞ ജൂലൈ 16-നാണ് കർണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍പ്പെട്ട് ലോറി ഡ്രൈവറായ കോഴിക്കോട് സ്വദേശി അർജുനെ കാണാതായത്. തീർത്തും പ്രതികൂലമായ സാഹചര്യത്തിലും കാണാതായവരെ കണ്ടെത്താനായി ജീവന് പണയപ്പെടുത്തിയുള്ള തീവ്രപരിശ്രമമാണ് സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്. എന്നാല്‍ കാലാവസ്ഥ വന്‍ വെല്ലുവിളി ഉയർത്തിയതോടെ ഗംഗാവാലി പുഴയിലെ ഒഴുക്ക് ശക്തിപ്രാപിച്ചു. ഒഴുക്കിന്റെ ശക്തി നാല് നോട്ട് എങ്കിലും ആയി കുറഞ്ഞാല്‍ തിരച്ചില്‍ പുനഃരാരംഭിക്കാനാണ് നീക്കം. നാളെ ഇത് സാധ്യമാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
അതിനിടെ അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയയ്ക്ക് ജോലി നല്‍കുമെന്ന് കോഴിക്കോട്ടെ വേങ്ങേരി സര്‍വീസ് സഹകരണ ബാങ്ക് അറിയിച്ചു. അര്ജുന് വര്‍ഷങ്ങളായി ബാങ്കിലെ ഇടപാടുകാരനായിരുന്നെന്നും കുടുംബത്തിന്റെ സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനമെന്നും ബാങ്ക് അറിയിച്ചു.