പറ്റ്ന: പാലം നിർമ്മാണത്തില്‍ വീണ്ടും വിവാദത്തിലായി ബിഹാർ സർക്കാർ. നിലവില്‍ ബിഹാറിലെ അറാറിയ ജില്ലയില്‍ നിർമ്മാണം പൂര്‍ത്തിയായ പാലത്തെച്ചൊല്ലിയാണ് പുതിയ വിവാദം. അപ്രോച്ച് റോഡുകളില്ലാതെ പാടത്തിന് നടുവില്‍ കോലം പോലെയുള്ള പാലമാണ് പുതുതായി വാർത്തകളില്‍ നിറയുന്നത്. മൂന്നു കോടി രൂപ ചെലവഴിച്ചാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ആര്‍ക്കും യാതൊരു ഉപയോഗവുമില്ല എന്നതാണ് രസകരം.
അറാറിയ ജില്ലയിലെ പരമാനന്ദപൂര്‍ ഗ്രാമത്തില്‍ ഒരു വലിയ പാടത്തിന് നടുവിലാണ് പാലം നിര്‍മ്മിച്ചിരിക്കുന്നത്. പാടത്തിന് നടുവിലുള്ള പാലത്തിന് സമീപത്തായി ഒരു റോഡുപോലുമില്ല. മഴക്കാലത്ത് പുഴ പോലെയാണ് പാടത്തിലൂടെ വെളളം ഒഴുകുകയെന്നും നാട്ടുകാര്‍ പറയുന്നു. വിവാദമായതോടെ അപ്രോച്ച് റോഡുകളില്ലാതെയുള്ള പാലം നിര്‍മ്മാണത്തില്‍ അന്വേഷണം നടത്തുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. എക്‌സിക്യൂട്ട് എഞ്ചിനീയറില്‍ നിന്ന് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും അറാറിയ ജില്ലാ മജിസ്‌ട്രേറ്റ് ഇനായത് ഖാന്‍ പറഞ്ഞു. സംഭവസ്ഥലം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സബ് ഡിവിഷണല്‍ ഓഫീസറോടും സര്‍ക്കിള്‍ ഓഫീസറോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇനായത് ഖാന്‍ അറിയിച്ചു.
മഴക്കാലത്തെ യാത്ര സുഗമമാക്കാന്‍ വേണ്ടിയാണ് പ്രാദേശിക ഭരണകൂടം റോഡും പാലവും നിര്‍മിക്കാന്‍ പദ്ധതി തയ്യാറാക്കിയത്. പാലം നിര്‍മ്മിക്കാന്‍ വേണ്ട സ്ഥലം ജില്ലാ ഭരണകൂടം ഏറ്റെടുക്കയും ചെയ്തു. ഏകദേശം മൂന്ന് കിലോമീറ്റര്‍ റോഡും ഒരു പാലവും ഉള്‍പ്പെട്ട നിര്‍മ്മാണ പദ്ധതിക്കായി മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതി പ്രകാരം പ്ലാന്‍ തയാറാക്കിയിരുന്നു. എന്നാല്‍ റോഡിനുള്ള സ്ഥലം ഏറ്റെടുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെടുകയായിരുന്നു. പാലം വരുന്നത് നല്ലതാണെന്നും എന്നാല്‍ നിലവിലെ നിർമ്മിതി കൊണ്ട് തങ്ങള്‍ക്ക് എന്താണ് പ്രയോജനമെന്നുമാണ് പ്രദേശവാസികളുടെ ചോദ്യം. ബിഹാറില്‍ ഒരു മാസത്തിനിടെ 15 പാലങ്ങളാണ് തകർന്നത്. ഇതിന്‍റെ വിവാദങ്ങള്‍ക്കും നാണക്കേടിനുമിടെയാണ് പുതിയ പാലം ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് ഭരണകക്ഷിയായ ജെഡിയുവിനും തലവേദനയാകുന്നത്.