പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ അന്തരിച്ചു

Jaihind Webdesk
Thursday, August 8, 2024

 

കൊൽക്കത്ത: ബംഗാൾ മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ (80) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. ബംഗാളിലെ വീട്ടിൽ ഇന്ന് രാവിലെയോടെയാണ് അന്ത്യം. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ബുദ്ധദേവ് ഭട്ടാചാര്യ അനാരോഗ്യം മൂലം 2018-ൽ പാർട്ടി ചുമതലകൾ രാജിവച്ചിരുന്നു.

1944 മാർച്ച് ഒന്നിന് വടക്കൻ കൊൽക്കത്തയിൽ ഭട്ടാചാര്യ ജനിച്ചത്. 1966-ൽ സിപിഎമ്മിൽ പ്രാഥമിക അംഗമായി. 1968-ല്‍ പശ്ചിമബംഗാള്‍ ഡെമോക്രാറ്റിക്ക് യൂത്ത് ഫെഡറേഷന്‍റെ സംസ്ഥാന സെക്രട്ടറിയായി. 1971-ല്‍ സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും 1982-ല്‍ സെക്രട്ടറിയേറ്റ് അംഗവുമായി. 1984 മുതല്‍ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവാണ്. 1985-ല്‍ കേന്ദ്ര കമ്മിറ്റി അംഗമായി. 2000 മുതല്‍ പൊളിറ്റ് ബ്യൂറോ അംഗത്വം. ബംഗാളിഭാഷയിൽ പാണ്ഡിത്യം നേടിയിരുന്ന അദ്ദേഹം ശ്രദ്ധേയമായ സാഹിത്യപഠനങ്ങളും വിവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ഭാര്യ: മീര. മകൾ സുചേതന.