വഖഫ് ബോർഡ് ഭേദഗതി ബില്ലിനെ എതിർത്ത് എംപിമാർ; ലോക്സഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി എം.കെ. രാഘവനും ഹൈബി ഈഡനും

Jaihind Webdesk
Thursday, August 8, 2024

 

ന്യൂഡല്‍ഹി: വഖഫ് ബോർഡ് നിയമ ഭേദഗതി ബില്‍ ലോക്സഭയില്‍ അവതരിപ്പിക്കാനുള്ള നീക്കത്തെ എതിർത്ത് നോട്ടീസ് നല്‍കി എംപിമാർ. എം.കെ. രാഘവനും ഹൈബി ഈഡനുമാണ് നിയമഭേദഗതി ബില്‍ അവതരിപ്പിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയത്. നിയമ ഭേദഗതി ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളിന്മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും എംപിമാർ നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

സുതാര്യത കൊണ്ടുവരാനാണു ഭേദഗതികൾ വഴി ലക്ഷ്യമിടുന്നതെന്നാണു വിഷയത്തിൽ കേന്ദ്ര സർക്കാർ നൽകുന്ന വിശദീകരണം. ചൊവ്വാഴ്ച രാത്രി ലോക്സഭാംഗങ്ങൾക്ക് ബില്ലിന്‍റെ പകർപ്പ് വിതരണം ചെയ്തിരുന്നു. ബിൽ പാസായാൽ വഖഫ് സ്വത്തുക്കളെന്ന് അവകാശപ്പെടുന്ന ഭൂമി കര്‍ശന പരിശോധനകള്‍ക്കു വിധേയമാക്കും. തര്‍ക്ക ഭൂമികളും സര്‍ക്കാര്‍ പരിശോധിക്കും. 9.4 ലക്ഷം ഏക്കര്‍ വസ്തുവകകളാണു വഖഫ് ബോര്‍ഡിനു കീഴിലുള്ളത്. വഖഫ് കൗണ്‍സിലുകളിലും സംസ്ഥാന വഖഫ് ബോര്‍ഡുകളിലും ഇനി മുതല്‍ വനിതാ പ്രാതിനിധ്യവും ഉറപ്പു വരുത്തുക, യുപിഎ സര്‍ക്കാരിന്‍റെ കാലത്ത് വഖഫ് ബോർഡുകള്‍ക്ക് നല്‍കിയ കൂടുതല്‍ അധികാരം എടുത്തു കളയുക എന്നിവയാണു ബില്ലിലൂടെ സര്‍ക്കാർ‌ ലക്ഷ്യം വെക്കുന്നത്.