കവളപ്പാറ ദുരന്തത്തിന്‌ ഇന്ന് അഞ്ചാണ്ട്; മുറിപ്പാടുണങ്ങാതെ ഒരു ജനത,മണ്ണാഴങ്ങളില്‍ മറഞ്ഞത് 59 പേർ

Jaihind Webdesk
Thursday, August 8, 2024

 

മലപ്പുറം: നാടിനെ കണ്ണീരിലാഴ്‌ത്തിയ കവളപ്പാറ ദുരന്തത്തിന്‌ ഇന്നേക്ക് അഞ്ചാണ്ട്‌. 59 പേരെയാണ് അന്ന് ഉരുള്‍ കവർന്നത്. ദുരന്തം നടന്ന് 5 വർഷമാകുമ്പോഴും കണ്ണീരുണങ്ങാതെ ഒരു ജനത അതിജീവനത്തിന്‍റെ പാതയിലാണ്. എടക്കര കുന്നിൻമുകളിലെ വീടുകളിൽ കൂട്ടനിലവിളിപോലും ഉയർന്നില്ല, ഉരുള്‍ ഇടിഞ്ഞിറങ്ങിയ ആ രാത്രി മണ്ണാഴങ്ങളിൽ മറഞ്ഞത്‌ 59 പേർ.

2019 ഓഗസ്‌റ്റ് എട്ടിനാണ്‌ പോത്തുകല്ല് പഞ്ചായത്തിലെ കവളപ്പാറ മുത്തപ്പൻ മലയിടിഞ്ഞത്. 37 വീടും മണ്ണെടുത്തു. 100 ഏക്കറോളമാണ് ദുരന്തഭൂമിയിൽ തകർന്നത്. മുത്തപ്പൻകുന്നിന്‍റെ ചരിവുള്ള പ്രദേശത്ത് 35 ഏക്കറും കുത്തനെയുള്ള 15 ഏക്കറും നിരപ്പായ 13 ഏക്കറും നശിച്ചു. 37 ഏക്കറോളം മൺകൂനയായി. ദുരന്തത്തിനിരയായവരുടെ കുടുംബത്തെ കേരള ജനത ചേർത്തുപിടിച്ചു. ഇനിയും കണ്ടെത്താൻ കഴിയാത്ത 11 പേരെയും മരിച്ചതായി കണക്കാക്കി 59 പേരുടെ കുടുംബങ്ങൾക്കും ധനസഹായം നൽകി.

എന്നാൽ മഴയൊന്ന് ശക്തി പ്രാപിച്ചാൽ ദുരന്തം വിളിപ്പാടകലെയുണ്ടെന്നും പൂർണ്ണ പുനരധിവാസം വേണമെന്നും ആവശ്യപ്പെട്ട് ഇവിടത്തെ 72 കുടുംബങ്ങൾ ഹൈക്കോടതിയിൽ കേസ് നൽകിയെങ്കിലും ഇതുവരെ പരിഹാരമായിട്ടില്ല. 25 ആദിവാസി കുടുംബങ്ങളും 30 ജനറൽ വിഭാഗം കുടുംബങ്ങളും മുത്തപ്പൻ മലയ്ക്ക് താഴ്വാരത്ത് ശേഷിക്കുന്ന 17 കുടുംബങ്ങളും കവളപ്പാറ തോടിന് ഇരുവശങ്ങളിലുമായും താമസിക്കുന്നുണ്ട്. മഴക്കാലമായാൽ ഉറങ്ങാൻ പോലും ഇവരിൽ പലർക്കും ഭയമാണ്. അപ്രതീക്ഷിതമായി മഴ കനത്താൽ കവളപ്പാറ ദുരന്തം ആവർത്തിക്കുമോ എന്ന ചിന്ത ഇടയ്ക്കിടെ കടന്നെത്തും.

പ്രളയബാധിത കൃഷിഭൂമി പൂർവസ്ഥിതിയിലാക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി സ്ഥലം പരിശോധന നടത്തിയിരുന്നെങ്കിലും തുടർനടപടികളായിട്ടില്ല. ഭൂമി വീണ്ടെടുക്കാൻ കഴിയാത്ത കർഷകർക്ക് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടിയുമായിട്ടില്ല. ഉരുൾപൊട്ടലുണ്ടായ മുകൾഭാഗത്തുള്ള കൃഷിഭൂമി വേർതിരിച്ചെടുക്കലും വീണ്ടും കൃഷിക്ക് ഉപയുക്തമാക്കലും പ്രായോഗികമല്ലെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ വിലയിരുത്തൽ.

ദുരന്തപ്രദേശം കാടു പിടിച്ച് ആനകളുടെ വിഹാര കേന്ദ്രമായി മാറിയിട്ടുണ്ട്. ജനവാസ പ്രദേശങ്ങളിലേക്കും ഇടയ്ക്ക് ആനകളെത്തുന്നുണ്ട്. ദുരന്തം നടന്ന 200 മീറ്റർ ചുറ്റളവിലുള്ള 108 കുടുംബങ്ങൾക്കാണ് ആദ്യഘട്ട പുനരധിവാസമെന്നോണം വീടുകൾ നിർമ്മിച്ച് നൽകിയത്. രക്ഷാപ്രവർത്തനത്തിനിടെ മരിച്ച ഭൂദാനം അനീഷിന്‍റെ ഭാര്യക്ക് സർക്കാർ ജോലി നൽകി. പുനരധിവാസത്തിന്‌ ചെലവഴിച്ചത് 20 കോടി രൂപയാണ്‌. മരിച്ചവരുടെ കുടുംബത്തിന് നാലു ലക്ഷം വീതം നൽകി.