വയനാട്ടിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് എൻഎസ്‌യുഐ ദേശീയ പ്രസിഡന്‍റ് വരുണ്‍ ചൗധരി

Jaihind Webdesk
Wednesday, August 7, 2024

 

കല്‍പ്പറ്റ: കേരളം കണ്ട ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിന് സാക്ഷ്യം വഹിച്ച മുണ്ടക്കൈ, ചൂരൽമല മേഖലകൾ എൻഎസ്‌യുഐ ദേശീയ പ്രസിഡന്‍റ് വരുണ്‍ ചൗധരി സന്ദർശിച്ചു. മേപ്പാടിയിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ച അദ്ദേഹം കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ടി. സിദ്ദിഖ് എംഎൽഎയോട് എൻഎസ്‌യുഐ ദേശീയ പ്രസിഡന്‍റ് വിവരങ്ങൾ ചോദിച്ചറിഞ്ഞു. കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ, എൻഎസ്‌യുഐ ദേശീയ ജനറല്‍ സെക്രട്ടറി അനുലേഘ ബൂസാ, കെഎസ്‌യു വയനാട് ജില്ലാ പ്രസിഡന്‍റ് ഗൗതം ഗോകുൽദാസ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

ഉരുൾപൊട്ടൽ ദുരന്തമുണ്ടായ ഘട്ടം മുതൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി കെഎസ്‌യു പ്രവർത്തകർ ഉണ്ടായിരുന്നു. സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യറിന്‍റെയും ജില്ലാ പ്രസിഡന്‍റ് ഗൗതം ഗോകുൽദാസിന്‍റെയും നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിൽ മെഡിക്കൽ ടീം സജീവമായി ഉണ്ടായിരുന്നു. നിലവിൽ സെൻട്രൽ കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2000 കിറ്റുകളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ വിതരണം ചെയ്തത്. തുടർന്നും സഹായങ്ങൾ ലഭ്യമാക്കാനാണ് കെഎസ്‌യു സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം.