കേന്ദ്രീയ വിദ്യാലയം: വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ വ്യവസ്ഥകളിൽ നടപ്പാക്കിയ മാറ്റം പിൻവലിക്കണമെന്ന് എം.കെ. രാഘവൻ എംപി

Jaihind Webdesk
Wednesday, August 7, 2024

 

ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ ട്രാൻസ്ഫർ വ്യവസ്ഥകളിൽ കേന്ദ സർക്കാർ നടപ്പാക്കിയ മാറ്റം പിൻവലിക്കണമെന്ന് എം.കെ. രാഘവൻ എംപി ലോക്സഭയിൽ ശൂന്യവേളയിൽ ആവശ്യപ്പെട്ടു. ട്രാൻസ്ഫർ വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റം മൂലം കേന്ദ്രീയ വിദ്യാലയങ്ങളിൽ നിശ്ചിത എണ്ണത്തിൽ കൂടുതൽ കുട്ടികളെ പ്രവേശിപ്പിക്കാൻ സ്കൂളുകൾ തയാറാവാത്തത് കാരണം സൈനികരുൾപ്പെടെയുള്ളവരുടെ മക്കൾക്ക് സ്കൂളുകളിൽ പ്രവേശനം ലഭിക്കാത്ത സാഹചര്യമാണുള്ളതെന്ന് എംപി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ വർഷം വരെ സുഗമമായി നടന്നിരുന്ന ട്രാൻസ്ഫർ പ്രക്രിയയിൽ പൊടുന്നനെ നടപ്പിലാക്കിയ മാറ്റങ്ങൾ മൂലം പതിനായിരക്കണക്കിന് സൈനികർ, അർധസൈനികർ, കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ ഉൾപ്പെടെയുള്ളവരുടെ മക്കളുടെ അധ്യയനത്തിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. കേന്ദ്ര സർക്കാർ നടപ്പാക്കിയ ട്രാൻസ്ഫർ വ്യവസ്ഥകളിലെ പുതിയ മാറ്റം അറിയാതെ നിലവിലെ സ്കൂളുകളിൽ നിന്ന് ടിസി വാങ്ങി മറ്റു സ്കൂളുകളിൽ പ്രവേശനം ലഭിക്കാതെ പ്രതിസന്ധ‍ിയിലാണ് വിദ്യാർത്ഥികളെന്നും അദ്ദേഹം പറഞ്ഞു.

അടിക്കടി ട്രാൻസ്ഫർ ലഭിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ, സൈനികർ ഉൾപ്പെടെയുള്ളവരുടെ മക്കളുടെ വിദ്യാഭ്യാസ തുടർച്ച ലക്ഷ്യമിട്ടാണ് കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കപ്പെട്ടത്. ട്രാൻസ്ഫർ വ്യവസ്ഥകളിൽ കേന്ദ്ര സർക്കാർ വരുത്തിയ മാറ്റം മൂലം കേന്ദ്രീയ വിദ്യാലയങ്ങളുടെ സ്ഥാപന ലക്ഷ്യം തന്നെ തമസ്കരിക്കപ്പെട്ടുവെന്ന് എംപി ചൂണ്ടിക്കാട്ടി. ഇത് വിദ്യാർത്ഥികളെയും അതിർത്തികളിൽ ജോലി ചെയ്യുന്ന സൈനികരുൾപ്പെടെയുള്ള രക്ഷകർത്താക്കളെയും ഒരുപോലെ മാനസിക സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. രാജ്യത്തിന്‍റെ സുപ്രധാന അതിർത്തികളിൽ സേവനം ചെയ്യുന്ന സൈനികരുൾപ്പെടെയുള്ളവർക്ക് നല്ല ജോലി സാഹചര്യമൊരുക്കാൻ കേന്ദ്ര സർക്കാർ പുതിയ ട്രാൻസ്ഫർ നയം പിൻവലിച്ച് കുട്ടികൾക്ക് പ്രവേശനം അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.