നൊമ്പരത്തോടെ ഒമ്പതാംനാള്‍: മരണസംഖ്യ 413; സൺറൈസ് വാലിയിൽ 6 കി.മീ ദൂരത്തിൽ പരിശോധന

Jaihind Webdesk
Wednesday, August 7, 2024

 

കല്‍പ്പറ്റ: വയനാട് ദുരന്തത്തിന്‍റെ ഒമ്പതാം ദിവസമായ ഇന്നും കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ അടക്കം വിശദമായ പരിശോധന നടക്കുന്നുണ്ട്.അതേസമയം വയനാട് ദുരന്തത്തില്‍ മരണസംഖ്യ 413 ആയി. ഇനിയും കണ്ടെത്താനുള്ളത് 152 പേരെ.

ചാലിയാർ തീരത്തെ ദുർഘട മേഖലയായ സൺറൈസ് വാലിയിലെ തിരച്ചിൽ ആരംഭിച്ചു. കൽപറ്റ എസ്കെഎംജി എച്ച്എസ്എസ് മൈതാനത്തു നിന്ന് ആദ്യത്തെ സംഘവുമായി സൺറൈസ് വാലിയിലേക്ക് ഹെലികോപ്റ്റർ പുറപ്പെട്ടു. ആറംഗ സംഘമാണ് ആദ്യം പുറപ്പെട്ടത്. സംഘത്തോടൊപ്പം തിരച്ചിലിനു കെഡാവർ ഡോഗുമുണ്ട്.

സൺറൈസ് വാലിയിൽ ആർമി ഡോഗ് മോനിയാണ് ദൗത്യത്തിന്‍റെ ഭാഗമാകുന്നത്. 12 അംഗ സംഘമാണ് ഇന്ന് തിരച്ചിൽ നടത്തുക. 4 എസ്ഒജി കമാൻഡർമാർ, ആർമിയുടെ 6 പേർ, രണ്ട് വനംവകുപ്പ് ഓഫീസർമാർ എന്നിവരാണ് സംഘത്തിലുള്ളത്. ആദ്യ സംഘത്തിൽ രണ്ട് വനം വകുപ്പ് ഉദ്യോഗസ്ഥരും ആർമി ഉദ്യോഗസ്ഥരുമാണുള്ളത്. എസ്ഒജി ഉദ്യോഗസ്ഥരാണ് ഇനി പോകാനുള്ളത്. ഇന്ന് സൺറൈസ് വാലിയിലെ കൂടുതൽ മേഖലകളിൽ തിരച്ചിൽ നടത്താനാണ് തീരുമാനം.