കോയമ്പത്തൂർ- കൊച്ചി വ്യവസായ ഇടനാഴിക്ക് അന്തിമ കേന്ദ്ര അനുമതി നൽകണം; വി. കെ. ശ്രീകണ്ഠൻ എംപി

Jaihind Webdesk
Tuesday, August 6, 2024

 

ന്യൂഡല്‍ഹി: കോയമ്പത്തൂർ- കൊച്ചി വ്യവസായ ഇടനാഴിക്ക് അന്തിമ കേന്ദ്ര അനുമതി നൽകണമെന്ന് വി. കെ. ശ്രീകണ്ഠൻ എംപി പാർലമെന്‍റിൽ  ആവശ്യപ്പെട്ടു. ചെന്നൈ ബാംഗ്ലൂർ വ്യവസായ ഇടനാഴി കോയമ്പത്തൂർ വഴി കൊച്ചിയിലേക്ക് നീട്ടുന്നതിന് 2019 ലെ ദേശീയ വ്യവസായിക ഇടനാഴി വികസനത്തിന്‍റെ ഭാഗമായി തീരുമാനിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ വ്യവസായിക ഇടനാഴി വർദ്ധിപ്പിക്കുന്നത് കേന്ദ്ര സംസ്ഥാന സർക്കാരുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. ഈ പദ്ധതിയുടെ ഭാഗമായി പാലക്കാട് ഒരു ഇന്‍റ്ഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്റർ സ്ഥാപിക്കാനും  ഇതിനായി നാഷണൽ ഇൻഡസ്ട്രിയൽ കോറിഡോർ ഡെവലപ്മെന്‍റ് ഇംപ്ലിമെന്‍റ് ട്രസ്റ്റ് ഇതിനോടകം 3815 കോടി രൂപയുടെ പദ്ധതിക്ക് അംഗീകാരം നൽകിയിട്ടുണ്ടുള്ളതായും എംപി വ്യക്തമാക്കി.

പാലക്കാട് ഇന്‍റ്ഗ്രേറ്റഡ് മാനുഫാക്ചറിംഗ് ക്ലസ്റ്ററിന് ആവശ്യമായ 1710 ഏക്കർ ഭൂമിയിൽ പുതുശ്ശേരി സെൻട്രലിലും, കണ്ണമ്പ്ര യിലുമായി 1273 ഏക്കർ ഭൂമി 1344 കോടി രൂപ ചെലവഴിച്ച് ഇതിനകം ഏറ്റെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് പതിനായിരം കോടിയിലധികം രൂപയുടെ നിക്ഷേപവും പതിനായിരത്തിലധികം യുവാക്കൾക്ക് തൊഴിലും പ്രതീക്ഷിക്കുന്നുണ്ടെന്ന് വി. കെ ശ്രീകണ്ഠൻ എംപി പറഞ്ഞു.

മേൽ പറഞ്ഞ കാര്യങ്ങൾക്കായി സംസ്ഥാന സർക്കാരിന് ഇതുവരെ കേന്ദ്രസർക്കാരിന്‍റെ അനുമതി ലഭിച്ചിട്ടില്ല. വിഷയം 2022 ഡിസംബർ മുതൽ കേന്ദ്ര സർക്കാരിന്‍റെ പരിഗണനയിലാണെന്നും അതിനാൽ പദ്ധതി നടപ്പിലാക്കാനും, നിക്ഷേപം ആകർഷിക്കാനും, ആയിരക്കണക്കിന് തൊഴിലില്ലാത്ത യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും കഴിയുന്ന തരത്തിൽ കേന്ദ്ര ഗവൺമെന്‍റ് മേൽ പറഞ്ഞ കാര്യത്തിൽ ഉടനടി തീരുമാനമെടുക്കണമെന്ന് വി. കെ. ശ്രീകണ്ഠൻ എംപി ലോക സഭയിൽ  റൂള്‍.377 സബ്മിഷനിലൂടെ ആവശ്യപ്പെട്ടു.