ദുരിതാശ്വാസ നിധി പരാതി പരിഹാര സെൽ: ശ്രീരാം വെങ്കിട്ടരാമന് ചുമതല നൽകിയതിനെതിരെ വി.ടി. ബൽറാം

Jaihind Webdesk
Monday, August 5, 2024

 

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട് രൂപീകരിച്ച പരാതി പരിഹാര സെല്ലിന്‍റെ ചുമതല ശ്രീരാം വെങ്കിട്ടരാമന് നൽകിയതിനെ വിമർശിച്ച് കെപിസിസി വൈസ് പ്രസിഡന്‍റ് വി.ടി. ബൽറാം. പലകാരണങ്ങൾ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാട് ആളുകൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഇത്തരത്തിലൊരു പ്രധാന ചുമതല നൽകിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണമെന്ന് വി.ടി. ബൽറാം ഫേസ്ബുക്കിൽ കുറിച്ചു.

സംഭാവനകളുമായി ബന്ധപ്പെട്ട സംശയങ്ങൾ ദൂരീകരിക്കാനും പരാതികൾ പരിഹരിക്കാനും ലക്ഷ്യം വെച്ചാണ് താൽക്കാലിക പരാതി പരിഹാര സെൽ രൂപീകരിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകരുതെന്നുൾപ്പടെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നതിന് പിന്നാലെയാണ് നടപടി. ധനവകുപ്പ് ജോയിന്‍റ് സെക്രട്ടറിയായ ശ്രീരാം വെങ്കിട്ടരാമന് പുറമെ സെല്ലിൽ നാല് അംഗങ്ങളാണുള്ളത്.

വി.ടി ബൽറാമിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം..

എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിത്. പല കാരണങ്ങൾ കൊണ്ട് സ്ഥിരം വിവാദനായകനായ, ഒരുപാടാളുകൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ട ഒരുദ്യോഗസ്ഥന് ഈ ഘട്ടത്തിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി ബന്ധപ്പെട്ട ഒരു പ്രധാന ചുമതല നൽകിയത് ഉചിതമാണോ എന്ന് മുഖ്യമന്ത്രി തന്നെ വിലയിരുത്തണം.