ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യമില്ല. സിബിഐ അറസ്റ്റിനെതിരായ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളിലാണ് വിധി . ജസ്റ്റിസ് കരുതല്‍ അറസ്റ്റാണ് സിബിഐ നടത്തിയതെന്ന് ആയിരുന്നു അരവിന്ദ് കെജ്‌രിവാളിന്‍റെ അഭിഭാഷകന്‍ വാദിച്ചത്. എന്നാല്‍ അറസ്റ്റ് കാരണമില്ലാതെയോ നിയമവിരുദ്ധമോ ആണെന്ന് പറയാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാമെന്നും കോടതി നിർദ്ദേശിച്ചു. ജാമ്യം നിഷേധിച്ചതോടെ കെജ്‌രിവാള്‍ തിഹാർ ജയിലില്‍ തുടരും.
സിബിഐക്ക് അരവിന്ദ് കെജ്‌രിവാളിനെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ല. ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാന്‍ വേണ്ടിയാണ് സിബിഐയുടെ അറസ്റ്റ് എന്നുമായിരുന്നു അരവിന്ദ് കെജ്‌രിവാളിന്‍റെ വാദം. ജൂണ്‍ 20നാണ് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസിലെ അറസ്റ്റ്. എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അരവിന്ദ് കെജ്‌രിവാളിന് നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കിയിരുന്നു. ഇഡി അറസ്റ്റ് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നേരത്തെ അരവിന്ദ് കെജ്‌രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടി ജാമ്യം ലഭിച്ചാല്‍ മാത്രമേ കെജ്‌രിവാളിന് ജയില്‍മോചിതനാകാന്‍ കഴിയൂ.
ഇക്കഴിഞ്ഞ മാര്‍ച്ച് 21-നാണ് ഡൽഹി മദ്യനയക്കേസുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. പിന്നീട് സുപ്രീം കോടതിയിൽ നിന്ന് 21 ദിവസത്തേക്ക് ഇടക്കാല ജാമ്യം ലഭിച്ചു. കെജ്‌രിവാളിന് ജാമ്യം നല്‍കരുതെന്ന ഇഡിയുടെ വാദത്തിനേറ്റ തിരിച്ചടിയായിരുന്നു കോടതി വിധി. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കണക്കിലെടുത്താണ് മേയ് 10ന് സുപ്രീം കോടതി കെജ്‌രിവാളിന് 21 ദിവസം ജാമ്യം അനുവദിച്ചത്. ജാമ്യകാലാവധി അവസാനിച്ച് ജൂൺ 2 ന് അദ്ദേഹം ജയിലിലേക്ക് മടങ്ങിയിരുന്നു.