തിരുവനന്തപുരത്ത് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കുളത്തിൽ കുളിച്ച നാലുപേർ കടുത്ത പനിയോടെ ആശുപത്രിയിൽ; ഒരാൾക്ക് ജ്വരം സ്ഥിരീകരിച്ചു

Jaihind Webdesk
Monday, August 5, 2024

 

തിരുവനന്തപുരം: തലസ്ഥാനത്ത് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കഴിഞ്ഞമാസം യുവാവ് മരിച്ചത് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന ആശങ്ക നിലനിൽക്കവേയാണ് സമാന രോഗലക്ഷണങ്ങളോടെ നാലു യുവാക്കളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിൽ ഒരാൾക്ക് രോഗം സ്ഥിരീകരിച്ചതായും ആശുപത്രി അധികൃതർ അറിയിച്ചു.

കഴിഞ്ഞമാസം 23-നാണ് കണ്ണറവിള സ്വദേശി അഖിൽ മരിച്ചത്. അഖിലിന് മസ്തിഷ്കജ്വരം ആണെന്ന് ആരോഗ്യ വകുപ്പ് സംശയിച്ചിരുന്നു. ഇതിനെ തുടർന്നാണ് സമാന രോഗ ലക്ഷണങ്ങളായി യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടിയത്. പൂതംകോട്, കണ്ണറവിള സ്വദേശികളാണ് നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത്. ഇവരിൽ ഒരാൾക്കാണ് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.

അതേസമയം മരിക്കുന്നതിന് 10 ദിവസം മുമ്പാണ് അഖിലിന് പനി ബാധിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. തലച്ചോറിലെ അണുബാധയെ തുടർന്നാണ് മരിച്ചതെന്നാണ് ഡോക്ടർമാർ അറിയിച്ചത്. അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിളയ്ക്ക് സമീപത്തെ കാവിൻകുളത്താണ് അഖിലും ചികിത്സയിലുള്ള യുവാക്കളും കുളിച്ചത്. ആരോഗ്യവകുപ്പ് നിർദ്ദേശിച്ചതിനെ തുടർന്ന് കുളത്തിൽ ഇറങ്ങുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. അതിയന്നൂർ പഞ്ചായത്തിന്‍റെ സഹായത്തോടെ കുളത്തിൽ നെറ്റ് കെട്ടി അടക്കുകയും ചെയ്തു.