വിമാനക്കമ്പനികളുടേത് സംഘടിതമായ കൊള്ള, കേന്ദ്രം ഇടപെടണം; പ്രവാസികളുടെ യാത്രാദുരിതം രാജ്യസഭയിലുയർത്തി ജെബി മേത്തർ എംപി

Jaihind Webdesk
Monday, August 5, 2024

 

ന്യൂഡല്‍ഹി: വിമാനക്കമ്പനികളുടെ കൊള്ളയില്‍ പ്രവാസികള്‍ നേരിടുന്ന യാത്രാദുരിതം രാജ്യസഭയില്‍ അവതരിപ്പിച്ച് ജെബി മേത്തർ എംപി. വിമാന യാത്രാക്കൂലിയിലെ അമിത വർധനയില്‍ നടപടി വേണമെന്ന് ജെബി മേത്തർ ആവശ്യപ്പെട്ടു. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നില്ലെന്നും സാധാരണ നിലയിൽ ഈടാക്കുന്ന നിരക്കിന്‍റെ അഞ്ചിരട്ടിയോളമാണ് ജൂൺ മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ വിമാനക്കമ്പനികൾ ഈടാക്കുന്നതെന്നും എംപി പറഞ്ഞു. ഗൾഫ് രാജ്യങ്ങളിൽ നിന്നും നാട്ടിലേക്കും തിരികെയും 16000 രൂപയാണ് ഒരാൾക്ക് സാധാരണ നിലയിൽ ചിലവാകുന്നതെങ്കിൽ ഇക്കാലയളവിൽ ഒരു ലക്ഷം രൂപയോളം മുടക്കേണ്ട അവസ്ഥയാണെന്നും എംപി ചൂണ്ടിക്കാട്ടി

നാലംഗങ്ങളുള്ള ഒരു കുടുംബത്തിന് 3,60,000 രൂപയാണ്. അതിനാല്‍ സാധാരണക്കാരായ തൊഴിലാളികൾക്ക് ഈ നിരക്ക് വർദ്ധനവ് വരുത്തിവയ്ക്കുന്ന ബാധ്യത ചെറുതല്ലെന്നും നമ്മുടെ സമ്പദ് വ്യവസ്ഥയിൽ മുഖ്യ പങ്ക് വഹിക്കുന്ന പ്രവാസികൾക്ക് സ്വന്തം നാട്ടിലേക്ക് വരാൻ സാധിക്കാത്ത അവസ്ഥയാണ് നിലവിലുള്ളതെന്നും എംപി വാദിച്ചു. 2023 ൽ 120 ബില്യൺ യുഎസ് ഡോളറാണ് പ്രവാസികൾ ഇന്ത്യയിലേക്ക് അയച്ചത്. അതിൽ നല്ലൊരു ശതമാനവും മലയാളികളുടേതാണ്. നിരക്ക് വർദ്ധന കമ്പോളാധിഷ്ഠിതമാണെന്നും ഇന്‍റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷനാണ് ഇത് സംബന്ധിച്ച തീരുമാനമെടുക്കുന്നതെന്നുമുള്ള ന്യായങ്ങൾ നിരത്തി സർക്കാർ കൈകഴുകുകയാണ്. പ്രശ്നത്തിൽ അടിയന്തിരമായി ഇടപെട്ട് വിമാനക്കമ്പനികളുടെ സംഘടിത കൊള്ള അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രിയോടും, വ്യോമയാന വകുപ്പ് മന്ത്രിയോടും ജെബി ആവശ്യപ്പെട്ടു.

അതേസമയം അതിർത്തിയിൽ ചൈന നടത്തുന്ന നിർമ്മാണ പ്രവർത്തനങ്ങൾ സംബന്ധിച്ച് ലോക്‌സഭയിൽ പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. കോൺഗ്രസ് അംഗം മനീഷ് തിവാരിയാണ് നോട്ടീസ് നൽകിയത്. വഖഫ് നിയമ ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ അവതരിപ്പിക്കും.