മഴക്കെടുതി: സ്കൂൾ പാർലമെന്‍റ് തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കെഎസ്‌യു; വിദ്യാഭ്യാസ മന്ത്രിക്ക് കത്ത് നൽകി

Jaihind Webdesk
Monday, August 5, 2024

 

തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി കണക്കിലെടുത്ത് സ്കൂള്‍ പാർലമെന്‍റ്  തിരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് കെഎസ്‌യു. നിരവധി സ്കൂളുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്നതിനാൽ ഓഗസ്റ്റ് 16-ന് നടത്താനിരിക്കുന്ന സ്കൂൾ പാർലമെൻ്റ് തിരഞ്ഞെടുപ്പ്‌ മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിക്കും പൊതു വിദ്യാഭ്യാസ ഡയറക്ടർ എ. ഷാനവാസിനും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ കത്ത് നൽകി.

മഴക്കെടുതി മൂലം പല സ്കൂളിലും ക്ലാസുകൾ പുനരാരംഭിക്കാൻ കഴിഞ്ഞിട്ടില്ല. വയനാട്ടിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തം കാരണം നിരവധി സ്കൂളുകളിൽ ദുരിദാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുകയാണ്. ഈ സാഹചര്യങ്ങള്‍ കണക്കിലെടുക്കണമെന്ന് അലോഷ്യസ് സേവ്യർ കത്തില്‍ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികളിൽ ജനാധിപത്യ ബോധവും ഐക്യവും സാഹോദര്യവും വളർത്തുവാൻ സഹായകരമായ സ്കൂൾ പാർലമെന്‍റ് തിരഞ്ഞെടുപ്പ് അൽപ്പം കൂടി മാറ്റിവെക്കണം. എല്ലാ വിദ്യാർത്ഥികൾക്കും ജനാധിപത്യ പ്രക്രിയയുടെ ഭാഗമാകാനുള്ള അവസരം നൽകണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്‍റ് കത്തില്‍ ആവശ്യപ്പെട്ടു. നിലവിൽ ഓഗസ്റ്റ് 7-ന് നാമനിർദ്ദേശ പത്രികകൾ സ്വീകരിച്ച് ഓഗസ്റ്റ് 16-ന് തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കും വിധമാണ് സ്കൂൾ പാർലമെന്‍റ് തിരഞ്ഞെടുപ്പ് ക്രമീകരിച്ചിരിക്കുന്നത്.