തിരുവനന്തപുരം: സംസ്ഥാനത്തിന് ഒരു ഡിസാസ്റ്റർ മാനേജ്മെന്റ് പ്ലാൻ (ദുരന്തനിവാരണ പദ്ധതി) വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കേരളത്തിലെ അപകടകരമായ അവസ്ഥ താൻ നേരത്തെ സഭയിൽ ഉന്നയിച്ചിട്ടുള്ളതാണെന്നും എന്നാൽ സർക്കാർ അത് കാര്യമാക്കിയില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അപകടകരമായ സ്ഥലങ്ങൾ കണ്ടെത്തണമെന്നും ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒഡീഷയിൽ മുന്നറിയിപ്പുകൾ കൃത്യമായി നൽകുന്ന സംവിധാനങ്ങളുണ്ടെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
വേൾഡ് മലയാളി കൗൺസിലിന്റെ 14-ാമത് ദ്വിവാർഷിക ഗ്ലോബല്‍ കോൺഫറൻസിന്റെ സമാപന സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ പ്രസിഡന്റ് ജോൺ മത്തായി, ചെയർമാൻ ഗോപാലപിള്ള തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.