സംസ്ഥാനത്ത് മഴ തുടരും: ആറ് ജില്ലകളിൽ യെല്ലോ അലർട്ട്, ജാഗ്രതാ നിര്‍ദേശം

Jaihind Webdesk
Sunday, August 4, 2024

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്,കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്ക് പടിഞ്ഞാറൻ ജാർഖണ്ഡിന് മുകളിലായി തീവ്ര ന്യൂനമർദ്ദവും, തെക്ക് പടിഞ്ഞാറൻ രാജസ്ഥാന് മുകളിലായി മറ്റൊരു ന്യൂനമർദ്ദവും സ്ഥിതി ചെയ്യുന്നു.

തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ഈ ദിവസങ്ങളിൽ ജാഗ്രത തുടരണം. കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ ജാഗ്രത പാലിക്കണമെന്നുമാണു മുന്നറിയിപ്പ്. കേരളാ തീരത്ത് ഉയർന്ന തിരമാലകൾക്കു സാധ്യതയുണ്ട്. കള്ളക്കടൽ മുന്നറിയിപ്പുമുണ്ട്.