കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണം 357 ആയി. ഇന്ന് 17 മൃതദേഹങ്ങള്‍ കണ്ടെത്തി. കാണാമറയത്ത് 200ലധികം പേര്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. 116 മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് കൈമാറി. 130 ശരീര ഭാഗങ്ങളുടെ ഡിഎന്‍എ സാമ്പിളുകള്‍ ശേഖരിച്ചു. 86 പേര് വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ജില്ലയില്‍ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയില്‍ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരാണ്.
അതിനിടെ സൂചിപ്പാറയിൽ കുടുങ്ങിയ രക്ഷാപ്രവർത്തകരെ സൈന്യം എയർലിഫ്റ്റ് ചെയ്ത് ചൂരൽമലയിലെത്തിച്ചു. സന്നദ്ധസംഘടനയിലെ 3 പേരെയാണ് സൈന്യം രക്ഷപ്പെടുത്തിയത്. രക്ഷാപ്രവർത്തനത്തിനെത്തിയവർ ഉൾവനത്തിലുൾപ്പെടെ കുടുങ്ങുന്നത് കണക്കിലെടുത്ത് സൈന്യം മാത്രമായിരിക്കും ഇനി ഇവിടങ്ങളിൽ തിരച്ചിൽ നടത്തുക. നാട്ടുകാരുടെയും സന്നദ്ധപ്രവർത്തകരുടേയും സഹായം ഇനി മറ്റുള്ള പ്രദേശങ്ങളിൽ ഉപയോഗപ്പെടുത്തും.