ദുരിതാശ്വാസനിധിയില്‍ ജനങ്ങള്‍ക്ക് സംശയമുണ്ടെങ്കില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തുകയാണ് വേണ്ടത്, അറസ്റ്റ് ചെയ്യുകയല്ല: വി.ഡി. സതീശന്‍

Jaihind Webdesk
Saturday, August 3, 2024

 

കോഴിക്കോട്: ദുരിതാശ്വാസനിധി സംബന്ധിച്ച് ജനങ്ങള്‍ക്ക് സംശയങ്ങളുണ്ടെങ്കില്‍ അതില്‍ വ്യക്തത വരുത്തുകയാണ് വേണ്ടതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. എത്ര തുക കിട്ടിയെന്നും എത്ര തുക ചെലവഴിച്ചെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തുകയാണ് വേണ്ടത്. 2018-ലെ പ്രളയത്തിലുണ്ടായ ദുരനുഭവമാണ് ദുരിതാശ്വാസ നിധിക്കെതിരെ പറയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. സംശയം പ്രകടിപ്പിക്കുന്നവരെ അറസ്റ്റ് ചെയ്യുകയല്ല വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഷിരൂർ മണ്ണിടിച്ചിലില്‍ കാണാതായ അർജുന്‍റെ വീട് സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

“മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞാന്‍ ആഹ്വാനം ചെയ്തതായി സിപിഎം ഹാന്‍ഡിലുകളില്‍ പ്രചരണമുണ്ടായി. അതിനെതിരെ ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. 2018-ലെ പ്രളയത്തിലുണ്ടായ ദുരനുഭവമാണ് ദുരിതാശ്വാസ നിധിക്കെതിരെ പറയാന്‍ ജനങ്ങളെ പ്രേരിപ്പിക്കുന്നത്. അങ്ങനെ പറയുന്നവരെ അറസ്റ്റു ചെയ്തിട്ട് കാര്യമില്ല. ദുരാതാശ്വാസ നിധി സംബന്ധിച്ച് സര്‍ക്കാര്‍ കുറച്ചു കൂടി വ്യക്തത വരുത്തുകയാണ് വേണ്ടത്. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന പണം പ്രത്യേക അക്കൗണ്ടിലായിരിക്കുമെന്നും എത്ര തുക കിട്ടിയെന്നും എത്ര തുക ചിലവഴിച്ചെന്നും വെളിപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ മതി. ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കരുതെന്ന് ഞങ്ങള്‍ ആരും പറഞ്ഞിട്ടില്ല. രമേശ് ചെന്നിത്തലയും വി.എം സുധീരനും ഉള്‍പ്പെടെ ഞങ്ങളുടെ പാര്‍ട്ടിയിലെ എത്രയോ പേരാണ് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയത്. യുഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടിയില്‍ ആലോചിച്ച് എല്ലാവരും ഒന്നിച്ച് പണം നല്‍കുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്. ശമ്പളം നല്‍കുന്നത് പ്രതീകാത്മകമാണ്. അത് മറ്റുള്ളവരെ കൊടുക്കാന്‍ പ്രേരിപ്പിക്കലാണ്. എന്തുതരത്തിലുള്ള സഹായവും നല്‍കാന്‍ തയാറാണ്. ഭക്ഷണം, മരുന്ന് ഉള്‍പ്പെടെ എന്ത് സഹായവും എത്തിക്കാമെന്ന് കല്‍പ്പറ്റ എംഎല്‍എ ടി. സിദ്ധിഖിന് ഉറപ്പ് നല്‍കിയിട്ടുണ്ട്.” – പ്രതിപക്ഷ നേതാവ് കോഴിക്കോട് പറഞ്ഞു.