വയനാട്: രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ സിഗ്നല്‍ ലഭിച്ചിടത്ത് രാത്രിയും പരിശോധന തുടരും. പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു എന്നാല്‍ ജീവന്‍റെ തുടിപ്പുണ്ടെന്ന സംശയത്തെ തുടർന്നാണ് വീണ്ടും തിരച്ചില്‍ നടത്തുന്നത്. രാത്രി ആയതിനാൽ ഫ്ലഡ് ലൈറ്റ് ഉൾപ്പെടെ ഒരുക്കിയാകും പരിശോധന. സൈനികർ വൈകാതെ പരിശോധനയ്ക്കായി തിരിച്ചെത്തും.
ആദ്യ തിരച്ചിലില്‍ സിഗിനല്‍ ലഭിച്ച സ്ഥലത്ത് നിന്ന് ഒന്നും കണ്ടെത്തിയില്ല. തിരച്ചില്‍ അവസാനിപ്പിക്കാനുള്ള തീരുമാനം പെട്ടെന്ന് മാറ്റുകയായിരുന്നു. തിരച്ചില്‍ സംഘാംങ്ങള്‍ക്ക് സ്ഥലത്ത് തുടരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കലുങ്കിനകത്ത് പരിശോധന നടത്തുന്നവരോടും, സൈന്യം, എന്‍ഡിആര്‍എഫ് സംഘങ്ങളോടും പിന്മാറാന്‍ റഡാര്‍ പ്രവര്‍ത്തിപ്പിക്കുന്ന സംഘം നിര്‍ദ്ദേശം നല്‍കി മിനിറ്റുകള്‍ക്കകമാണ് പരിശോധന തുടരാന്‍ നിർദ്ദേശിച്ചത്. നാലു ഘട്ടങ്ങളിലായി പരിശോധന നടത്തിയെന്നും നാലാം ഘട്ടത്തിലാണ് ശ്വാസിക്കുന്നതിന്‍റെ സൂചന ലഭിച്ചതെന്നും ഉദ്യോഗസ്ഥന്‍ പ്രതികരിച്ചിരുന്നു. ജീവന്‍റെ സാന്നിധ്യം മാത്രമാണ് ലഭിച്ചതെന്നും അതൊരു മനുഷ്യനാണോ മറ്റെന്തെങ്കിലും ജീവനുള്ള വസ്തുവാണോയെന്ന് അറിയില്ലെന്നുമായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം.