വയനാടിന് കൈത്താങ്ങായി എൻഎസ്എസ് യൂണിറ്റുകൾ; 150 വീടുകൾ നിർമ്മിച്ച് നൽകും

Jaihind Webdesk
Friday, August 2, 2024

 

തിരുവനന്തപുരം: വയനാടിന് കൈത്താങ്ങായി സംസ്ഥാനത്തെ സ്കൂളുകളിലെയും കോളേജുകളിലെയും നാഷണൽ സർവീസ് സ്‌കീം അംഗങ്ങൾ. ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ട മുണ്ടക്കൈ, ചൂരൽമല, അട്ടമല തുടങ്ങി ഇടങ്ങളിലെ വീട് നഷ്ടമായ 150 കുടുംബങ്ങൾക്ക് നാഷണൽ സർവീസ് സ്കീമിന്‍റെ നേതൃത്വത്തിൽ വീടുകൾ പണിതു നൽകും. സംസ്ഥാന നാഷണൽ സർവീസ് സ്‌കീമിന്‍റെ വിവിധ സെല്ലുകളെ ഏകോപിപ്പിച്ചാണ് വീടുകളുടെ നിർമ്മാണം ഏറ്റെടുക്കുക.

കാലിക്കറ്റ്‌ സർവകലാശാല, എംജി സർവകലാശാല, കണ്ണൂർ സർവകലാശാല, കേരള സർവകലാശാല, സാങ്കേതിക സർവകലാശാല, ആരോഗ്യ സർവകലാശാല, ശ്രീശങ്കര സംസ്കൃത സർവകലാശാല എന്നിവിടങ്ങളിലെയും ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, സാങ്കേതിക വിദ്യാഭ്യാസ വകുപ്പ്, ഐടിഐ തുടങ്ങിയവയിലെ എൻഎസ്എസ് സെല്ലുകളുടെ കീഴിലുള്ള എൻഎസ്എസ് യൂണിറ്റുകളും എൻഎസ്എസ് മുൻ പ്രോഗ്രാം കോർഡിനേറ്റർമാരും സംസ്ഥാന ഓഫിസർമാരും ഈ സ്നേഹ ദൗത്യത്തിൽ പങ്കാളികളാകും. അതോടൊപ്പം ദുരന്തബാധിതർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് മെന്‍റൽ ട്രോമ മറികടക്കാൻ വേണ്ട വിദഗ്ധ കൗൺസലിംഗ് നൽകാനും എൻഎസ്എസ് തീരുമാനിച്ചിട്ടുണ്ട്. ദുരന്തമേഖലയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ വേണ്ട പൊതുശ്രമങ്ങളുടെ ഭാഗമായി വിദ്യാർത്ഥികളിൽ പ്രത്യേക ശ്രദ്ധ കൊടുക്കാനായി ‘ബാക്ക് ടു സ്‌കൂൾ, ബാക്ക് ടു കോളേജ്’ ക്യാമ്പയിനും എൻഎസ്എസ് രൂപകല്പന ചെയ്തിട്ടുണ്ട്. ‘ബാക്ക് ടു സ്കൂളി’ന്‍റെ ഭാഗമായി, ദുരന്തബാധിത മേഖലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും പഠനോപകരണങ്ങൾ എൻഎസ്എസ് നൽകും.