സംസ്ഥാനത്ത് തീവ്രമഴ തുടരും: 9 ജില്ലകളിൽ ഓറഞ്ച് അല‌‌‌ർട്ട്; ശക്തമായ കാറ്റും വീശും, ജാഗ്രതാ നിര്‍ദ്ദേശം

Jaihind Webdesk
Friday, August 2, 2024

 

തിരുവനന്തപുരം: കേരളത്തിലെ മിക്ക ജില്ലകളില്‍ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ്. വടക്കൻ കേരള തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. വടക്ക് പടിഞ്ഞാറൻ കാറ്റിന്‍റെ സ്വാധീനവും കേരളത്തിലെ മഴയ്ക്ക് കാരണമാകുന്നുണ്ട്. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം 5 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് മുന്നറിയിപ്പുള്ളത്.

അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ മഴയ്ക്കും മണിക്കൂറിൽ 30 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യത ഉണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും അറിയിക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ കനത്ത മഴ പെയ്ത പ്രദേശങ്ങളിൽ അതീവ ജാഗ്രത നിർദേശം ഉണ്ട്. ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, മലവെള്ളപ്പാച്ചിൽ സാധ്യതാ പ്രദേശങ്ങളിൽ നിന്ന് ആളുകൾ മാറി താമസിക്കണം എന്നും അറിയിപ്പ് ഉണ്ട്. ജലാശയങ്ങളിൽ ഇറങ്ങരുത്. മുന്നറിയിപ്പുകൾ അവഗണിക്കരുത്. കേരളാ തീരത്ത് മത്സ്യബന്ധത്തിനുള്ള വിലക്ക് തുടരുകയാണ്. ഉയർന്ന തിരമാലകൾക്ക് സാധ്യത ഉണ്ട്. തിരുവനന്തപുരത്തിന്‍റെ തീരപ്രദേശങ്ങളിൽ കള്ളകടൽ മുന്നറിയിപ്പുണ്ട്.