വയനാട്: വയനാട് ഉരുള്‍പൊട്ടലില്‍ മരണം 288 ആയി. കാണാതായവർക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്. ചാലിയാറില്‍ നിന്ന് ഇതുവരെ കണ്ടെടുത്തത് 144 മൃതദേഹങ്ങളാണ്. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് കണക്കുകള്‍. വീടുകളില്‍ ഇനിയും കൂടുതല്‍ പേർ കുടുങ്ങിക്കിടക്കുന്നതായാണ് സംശയം. പ്രദേശത്ത് തുടരുന്ന മഴ രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കുന്നുണ്ട്.
ഇതുവരെ നടത്തിയ തിരച്ചിലിൽ 173 മൃതദേഹങ്ങൾ കണ്ടെത്തി. 96 മൃതദേഹങ്ങൾ ഇതുവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. 91 ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടുണ്ട്. പോത്തുകല്ലിൽ ചാലിയാറിൽ നിന്ന് ഇന്നലെ 134 മൃതദേഹങ്ങളാണു കണ്ടെടുത്തത്. രാത്രിയായതോടെ ചാലിയാറിൽ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. വയനാട്ടിലെ വിവിധ ആശുപത്രികളിലെത്തിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടം ഉൾപ്പടെയുള്ള നടപടികള്‍ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകി. പലരെയും തിരിച്ചറിയാനാകാത്ത അവസ്ഥയിലാണ്.
ദുരന്തബാധിത പ്രദേശത്ത് ജീവനോടെ ഇനിയാരെയും രക്ഷിക്കാൻ ബാക്കിയില്ല. രക്ഷിച്ചെടുക്കാൻ കഴിയുന്നവരെ രക്ഷിച്ചു എന്നാണ് സൈന്യം അറിയിച്ചത്. മുണ്ടക്കൈയിലും ചാലിയാറിലും തിരച്ചിൽ തുടരുമെന്നും മുഖ്യമന്ത്രി അറിയിച്ചു.